European Football Foot Ball Top News

സീരി എയിൽ യുവൻ്റസിനെ ഗോൾമഴയിൽ മുക്കി നപോളി.!

January 14, 2023

author:

സീരി എയിൽ യുവൻ്റസിനെ ഗോൾമഴയിൽ മുക്കി നപോളി.!

സീരി എയിൽ വമ്പന്മാർ തമ്മിൽ കൊമ്പുകോർത്ത മത്സരത്തിൽ യുവൻ്റസിനെ തകർത്ത് തരിപ്പണമാക്കി നപോളി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് നപോളി വിജയം സ്വന്തമാക്കിയത്. വിക്ടർ ഒസിംഹൻ ആതിഥേയർക്കായി ഇരട്ടഗോളുകൾ നേടി. മത്സരത്തിൻ്റെ 14,65 മിനിറ്റുകളിലായിരുന്നു താരത്തിൻ്റെ ഗോളുകൾ പിറന്നത്. ഒസിംഹനെ കൂടാതെ 39ആം മിനിറ്റിൽ ക്വരാട്സ്ഖേലിയയും, 55ആം മിനിറ്റിൽ റഹ്മാനിയും, 72ആം മിനിറ്റിൽ എൽമാസുമാണ് ഗോളുകൾ നേടിക്കൊണ്ട് നപോളിയുടെ തേരോട്ടത്തിന് ചുക്കാൻ പിടിച്ചത്.

യുവൻ്റസിനായി 42ആം മിനിറ്റിൽ ഡിമരിയയാണ് ആശ്വാസഗോൾ നേടിയത്. കളിയുടെ സർവ്വ മേഖലകളിലും യുവൻ്റസിനെ നിഷ്പ്രഭമാക്കിക്കൊണ്ടുള്ള ഒരു പ്രകടനമായിരുന്നു നപോളി നടത്തിയത്. ഈയൊരു മിന്നും വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള നപോളിക്ക് 18 മത്സരങ്ങളിൽ നിന്നും 47 പോയിൻ്റായി. അതേസമയം, അത്രയും മത്സരങ്ങളിൽ നിന്നും 37 പോയിൻ്റ് ഉള്ള യുവൻ്റസ് 3ആം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.

Leave a comment