ഇറ്റലിയിൽ ഇന്ന് തീപാറും. ഒന്നാം സ്ഥാനക്കാരായ നപോളി രണ്ടാം സ്ഥാനക്കാരായ യുവൻ്റസുമായി കൊമ്പുകോർക്കും.!
ഇറ്റാലിയൻ സീരി എയിൽ ഇന്നൊരു വമ്പൻ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 1.15ന് അരങ്ങേറുന്ന പോരാട്ടത്തിൽ നപോളി യുവൻ്റസിനെ നേരിടും. നപോളിയുടെ തട്ടകമായ ഡിയേഗോ അർമാൻഡോ മറഡോണ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം നടക്കുക. നിലവിൽ പോയിൻ്റ് ടേബിളിൽ ഇരുടീമുകളും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ ആണുള്ളത്. 17 മത്സരങ്ങളിൽ നിന്നും 44 പോയിൻ്റ് നേടിയ നപോളിയാണ് ഒന്നാം സ്ഥാനത്ത്. അത്രയും മത്സരങ്ങളിൽ നിന്നും 37 പോയിൻ്റുമായി യുവൻ്റസ് രണ്ടാം സ്ഥാനത്താണ്. ഇന്ന് പരാജയപ്പെട്ടാൽ പോലും നപോളിയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണിയുണ്ടാകില്ല. സീസണിൽ ഇൻ്ററിനോട് മാത്രമാണ് അവർ തോൽവി വഴങ്ങിയിട്ടുള്ളത്.
മറുവശത്ത് യുവൻ്റസ് തുടക്കത്തിലെ തകർച്ചയിൽ നിന്നും മികച്ച തിരിച്ചുവരവാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിൽ ഇരുടീമുകളും മുഖാമുഖം വന്നപ്പോൾ സമനില (1-1) ആയിരുന്നു ഫലം. എന്തായാലും, ഇന്നത്തെ മത്സരഫലം കിരീടപോരാട്ടത്തിൽ നിർണായകമാകും എന്ന സാഹചര്യം നിലനിൽക്കെ അതിവാശിയേറിയ പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.