സതാംപ്ടണിനോട് തോൽവി വഴങ്ങി സിറ്റി കരബാവോ കപ്പിൽ നിന്നും പുറത്ത്.!
കരബാവോ കപ്പിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സതാംപ്ടണിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് അപ്രതീക്ഷിത തോൽവി. സതാംപ്ടണിൻ്റെ തട്ടകമായ സെൻ്റ്.മേരീസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് സിറ്റി ആതിഥേയർക്ക് മുന്നിൽ അടിയറവ് പറഞ്ഞത്. ആദ്യ പകുതിയിൽ ആയിരുന്നു മത്സരത്തിലെ 2 ഗോളുകളും പിറന്നത്. 23ആം മിനിറ്റിൽ സെക്കോ മാരയും, 28ആം മിനിറ്റിൽ മൗസാ ജെനെപ്പോയുമാണ് സതാംപ്ടണിനായി വലകുലുക്കിയത്. ഹാലണ്ട്, ഡിബ്രുയ്ൻ, ബർണാർഡോ സിൽവ, റോഡ്രി, അക്കാഞ്ഞി തുടങ്ങിയ പ്രധാന താരങ്ങൾ ഇല്ലാതെയാണ് പെപ്പ് ആദ്യ ഇലവനെ ഇറക്കിയത്.
രണ്ടാം പകുതിയിൽ ഇവരൊക്കെ സബ് ആയി കളത്തിലിറങ്ങിയെങ്കിലും വലിയ കാര്യമൊന്നുമുണ്ടായില്ല. ഒരു ഓൺ ടാർഗറ്റ് ഷോട്ട് പോലും സിറ്റിക്ക് സതാംപ്ടണിൻ്റെ പോസ്റ്റിലേക്ക് ഉതിർക്കുവാൻ കഴിഞ്ഞില്ല. ആകെ എടുത്ത് പറയുവാൻ ഉണ്ടായിരുന്നത് കൂടുതൽ പന്തടക്കം മാത്രമാണ്. ഒടുവിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് സിറ്റി സതാംപ്ടണിൻ്റെ മുന്നിൽ അടിയറവ് പറയുകയായിരുന്നു. ഈയൊരു പരാജയത്തോടെ സിറ്റി കരബാവോ കപ്പിൽ നിന്നും പുറത്തായി. എന്തായാലും സിറ്റിയെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിയാണിത്.