ലോകകപ്പിന് ശേഷമുള്ള മെസ്സിയുടെ ആദ്യ മത്സരം; പി.എസ്.ജി ഇന്ന് ആങ്കേഴ്‌സിനെ നേരിടും.!
ലോകകപ്പിന് ശേഷം സാക്ഷാൽ ലയണൽ മെസ്സി ഇതുവരെയും ക്ലബ്ബിനായി പന്ത് തട്ടിയിരുന്നില്ല. കിരീടധാരണത്തിനു ശേഷം അർജൻ്റീനയിൽ ആഘോഷങ്ങളും മറ്റുമായി അവധി ആസ്വദിച്ചതിന് ശേഷമാണ് താരം പി.എസ്.ജിയോടൊപ്പം ചേർന്നത്. എന്തായാലും ലീഗ് വണ്ണിൽ പി.എസ്.ജി ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 1.30ന് സ്വന്തം തട്ടകമായ പാർക് ഡെസ് പ്രിൻസസിൽ വെച്ച് കിക്കോഫ് ആകുന്ന മത്സരത്തിൽ ആങ്കേഴ്‌സിനെയാകും പാരീസിയൻസ് നേരിടുക. സൂപ്പർതാരം കിലിയൻ എമ്പാപ്പെയും, അഷ്റഫ് ഹക്കിമിയും ഇന്നത്തെ മത്സരത്തിൽ ഉണ്ടാകില്ല.
ലോകകപ്പ് വിജയത്തിന് ലയണൽ മെസ്സിക്ക് ഇന്ന് പാർക് ഡെസ് പ്രിൻസസിൽ സ്വീകരണം നൽകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് ആയിരുന്നു അർജൻ്റീന കിരീടം നേടിയത്. അത്കൂടാതെ അർജൻ്റൈൻ ഗോൾകീപ്പർ എമി മാർട്ടിനെസ് എമ്പാപ്പെയെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ പ്രതികരണം ആരാധകർ ഇന്ന് പുറത്തു കാണിക്കുമോ എന്ന പേടിയുള്ളത് കൊണ്ടുതന്നെ പി.എസ്.ജി മാനേജ്മെൻ്റ് ഒരുപക്ഷേ മെസ്സിക്ക് ഇന്നത്തെ മത്സരത്തിൽ സ്വീകരണം നൽകിയേക്കില്ല. എന്തായാലും ലോകകപ്പിന് ശേഷമുള്ള താരത്തിൻ്റെ കളി നമുക്ക് ഇന്ന് ആസ്വദിക്കുവാൻ കഴിയും.
ഒപ്പം നെയ്മർ ജൂനിയർ കൂടിയാകുമ്പോൾ പി.എസ്.ജി എല്ലാം കൊണ്ടും തയ്യാറാണ്. ഈ രണ്ട് സൂപ്പർതാരങ്ങളുടെയും അഭാവത്തിൽ ഏറ്റവും ഒടുവിൽ നടന്ന ലീഗ് മത്സരത്തിൽ ലെൻസിനോട് പി.എസ്.ജി പരാജയപ്പെട്ടിരുന്നു. നിലവിൽ 17 മത്സരങ്ങളിൽ നിന്നും 44 പോയിൻ്റുമായി ഒന്നാം സ്ഥാനത്താണ് പി.എസ്.ജിയുള്ളത്. ഇന്നത്തെ മത്സരഫലം എന്തുതന്നെയായാലും അവർക്ക് സ്ഥാനചലനം ഉണ്ടാവുകയില്ല. മറുവശത്ത് അത്രയും മത്സരങ്ങളിൽ നിന്നും കേവലം 8 പോയിൻ്റ് മാത്രമായി അവസാന സ്ഥാനത്താണ് ആങ്കേഴ്‌സ് ഉള്ളത്. എങ്ങനെയും തരംതാഴ്ത്തൽ മേഖലയിൽ നിന്നും രക്ഷ നേടുക എന്നതാവും അവരുടെ ലക്ഷ്യം. എന്തായാലും മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.