Cricket Cricket-International Top News

കോഹ്‌ലിക്ക് സെഞ്ചുറി, രോഹിതും ഗില്ലും മിന്നി; ശ്രീലങ്കയെ തറപറ്റിച്ച് ഇന്ത്യ.!

January 10, 2023

author:

കോഹ്‌ലിക്ക് സെഞ്ചുറി, രോഹിതും ഗില്ലും മിന്നി; ശ്രീലങ്കയെ തറപറ്റിച്ച് ഇന്ത്യ.!

ശ്രീലങ്കക്കെതിരായ ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് മിന്നും വിജയം. ഗുവഹതിയിൽ അരങ്ങേറിയ മത്സരത്തിൽ 67 റൺസിൻ്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയ്ക്കായി വിരാട് കോഹ്‌ലി സെഞ്ചുറി നേടിയപ്പോൾ, രോഹിത് ശർമയും, ശുഭ്മാൻ ഗില്ലും അർദ്ധ സെഞ്ച്വറികളുമായി തിളങ്ങി. ടോസ്സ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്‌ക്ക് ക്യാപ്റ്റൻ രോഹിത് ശർമയും, ശുഭ്മാൻ ഗില്ലും ചേർന്ന് മിന്നുന്ന തുടക്കമാണ് നൽകിയത്.

19.4 ഓവറിൽ 143 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് ഇരുവരുടെയും കൂട്ടുകെട്ട് പിരിയുന്നത്. 11 ബൗണ്ടറികളുടെ അകമ്പടിയോടെ 70 (60) റൺസ് നേടിയ ഗില്ലാണ് ആദ്യം പുറത്തായത്. അധികം വൈകാതെ ടീം സ്കോർ 173ൽ നിൽക്കെ രോഹിതും പുറത്തായി. 67 പന്തിൽ 9 ഫോറുകളും, 3 സിക്സറുകളും സഹിതം 83 റൺസ് ആയിരുന്നു ക്യാപ്റ്റൻ്റെ സമ്പാദ്യം. ശേഷം വിരാട് കോഹ്‌ലി ഒരറ്റത്ത് നിലയുറപ്പിച്ച് കൊണ്ട് സ്കോറിങ്ങിൻ്റെ വേഗം കുറയ്ക്കാതെ ഇന്നിംഗ്സ് മുമ്പോട്ട് കൊണ്ടുപോകുകയായിരുന്നു. 87 പന്തിൽ 12 ഫോറുകളും, 1 സിക്സറും സഹിതം 113 റൺസ് ആണ് കോഹ്‌ലി നേടിയത്.

താരത്തിൻ്റെ 73ആം സെഞ്ചുറിയായിരുന്നു മത്സരത്തിൽ പിറന്നത്. തുടർന്ന് കൂടുതൽ വിക്കറ്റുകൾ നേടുവാൻ ശ്രീലങ്കക്ക് കഴിഞ്ഞതിനാൽ ഇന്ത്യൻ ഇന്നിംഗ്സ് 400 കടന്നില്ല. ഒടുവിൽ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 373 എന്ന വമ്പൻ സ്കോർ പടുത്തുയർത്തുകയായിരുന്നു. രോഹിത്, ഗിൽ, കോഹ്‌ലി എന്നിവരെ കൂടാതെ ശ്രേയസ് അയ്യർ 28(24), കെ.എൽ രാഹുൽ 39(29) തുടങ്ങിയവരും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. ലങ്കക്കായി 3 വിക്കറ്റ് നേടിയ കാസുൻ രജിതയാണ് ബൗളിംഗിൽ അല്പമെങ്കിലും തിളങ്ങിയത്.

ഇന്ത്യ നൽകിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ശ്രീലങ്കയ്‌ക്ക് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. സ്കോർബോർഡിൽ 23 റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും അവർക്ക് അവരുടെ 2 മുൻനിര വിക്കറ്റുകൾ നഷ്ടമായി. തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നേടുവാൻ ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞു. ഓപ്പണർ ആയി ഇറങ്ങിയ പാത്തും നിസങ്ക 80 പന്തിൽ 72 റൺസുമായി ലങ്കയ്ക്ക് വേണ്ടി മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. ശേഷം 179ന് 7 എന്ന നിലയിൽ വലിയൊരു തോൽവി തന്നെ ശ്രീലങ്ക മുന്നിൽ കണ്ടെങ്കിലും ക്യാപ്റ്റൻ ദാസുൻ ഷനക രക്ഷകൻ ആവുകയായിരുന്നു.

88 പന്തിൽ 12 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെ താരം 108 റൺസിൻ്റെ അപരാജിത ഇന്നിംഗ്സ് ആണ് പടുത്തുയർത്തിയത്. അതുകൊണ്ടുതന്നെ ഒരു വലിയവിജയം ഇന്ത്യയ്ക്ക് അന്യമാകുകയായിരുന്നു. ഇവരോടൊപ്പം 47 റൺസ് നേടിയ ധനഞ്ജയ ഡി സിൽവയും, 23 റൺസ് നേടിയ അസലങ്കയുമൊഴികെ മറ്റാർക്കും ലങ്കക്കായി മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഒടുവിൽ 50 ഓവർ പൂർത്തിയായപ്പോൾ ലങ്കയുടെ മറുപടി 8 വിക്കറ്റ് നഷ്ടത്തിൽ 306 റൺസിൽ അവസാനിക്കുകയായിരുന്നു.

ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗതയിൽ (156 km/h) പന്ത് എറിഞ്ഞ താരം എന്ന റെക്കോർഡ് ഈയൊരു മത്സരത്തിൽ ഉമ്രാൻ മാലിക്ക് സ്വന്തമാക്കി. ഇന്ത്യക്കായി 3 വിക്കറ്റുകൾ നേടിയ ഉമ്രാൻ മാലിക്കും, 2 വിക്കറ്റ് നേടിയ മൊഹമ്മദ് സിറാജുമാണ് ബൗളിംഗിൽ കൂടുതൽ തിളങ്ങിയത്. അങ്ങനെ 67 റൺസിൻ്റെ ഈയൊരു തിളക്കമാർന്ന വിജയത്തോടെ 3 മത്സരപരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. വരുന്ന വ്യാഴാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ വെച്ചാകും പരമ്പരയിലെ രണ്ടാം മത്സരം അരങ്ങേറുക.

Leave a comment