പ്രീമിയർ ലീഗിൽ ഇന്ന് തീപാറും; സിറ്റി ചെൽസിയുമായി കൊമ്പുകോർക്കും.!
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നൊരു വമ്പൻ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 1.30 ന് കിക്കോഫ് ആകുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി, ചെൽസിയെ നേരിടും. ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. അവസാനം നടന്ന 8 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നായി കേവലം ഒരു വിജയം മാത്രമാണ് ചെൽസിക്ക് സ്വന്തമാക്കാനായത്. 3 മത്സരങ്ങൾ സമനിലയായപ്പോൾ 4 മത്സരങ്ങൾ അവർ പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ എന്ത് വിധേനയും വിജയവഴിയിലേക്ക് തിരിച്ചെത്തുവാനാകും ചെൽസിയുടെ ശ്രമം.
അല്ലാത്തപക്ഷം ഗ്രഹാം പോട്ടറുടെ ഭാവി ഒരുപക്ഷേ തുലാസിലായേക്കാം. ഇന്ന് സിറ്റിയെ കീഴടക്കാൻ കഴിഞ്ഞാൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ചെൽസിക്ക് അത് വലിയ ആത്മവിശ്വാസമാകും സമ്മാനിക്കുക. എന്തായാലും പെപ്പിൻ്റെ ശിഷ്യന്മാരെ കീഴടക്കുക എന്നത് അത്ര നിസാരകാര്യമാകില്ല. അവസാനം നടന്ന മത്സരത്തിൽ എവർട്ടണിനോട് സമനില വഴങ്ങേണ്ടി വന്നെങ്കിൽപോലും ഇന്നത്തെ മത്സരത്തിൽ മുൻതൂക്കം സിറ്റിക്ക് തന്നെയാണ്. ഗോളടി തുടർന്ന് കൊണ്ടേയിരിക്കുന്ന എർലിങ് ഹാലണ്ടിൻ്റെ സാന്നിദ്ധ്യമാണ് അവരെ കൂടുതൽ അപകടകാരികൾ ആക്കുന്നത്. 15 മത്സരങ്ങളിൽ നിന്നും ഇതിനോടകം 21 ഗോളുകൾ ഹാലണ്ട് നേടിക്കഴിഞ്ഞു.
നിലവിൽ 16 മത്സരങ്ങളിൽ നിന്നും 36 പോയിൻ്റുമായി സിറ്റി രണ്ടാം സ്ഥാനത്താണുള്ളത്. അതേസമയം, അത്രയും മത്സരങ്ങളിൽ നിന്നും 25 പോയിൻ്റുമായി ചെൽസി 10ആം സ്ഥാനത്താണ്. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ 3 സ്ഥാനം മെച്ചപ്പെടുത്താൻ അവർക്ക് കഴിഞ്ഞേക്കും. എന്തായാലും ഒരു വാശിയേറിയ പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.