Foot Ball ISL Top News

ഇഞ്ച്വറി ടൈമിലെ വണ്ടർ ഗോളിൽ ബംഗളുരുവിനെ മറികടന്ന് ഈസ്റ്റ് ബംഗാൾ.!

December 30, 2022

author:

ഇഞ്ച്വറി ടൈമിലെ വണ്ടർ ഗോളിൽ ബംഗളുരുവിനെ മറികടന്ന് ഈസ്റ്റ് ബംഗാൾ.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ ബംഗളുരു എഫ്സിക്കെതിരെ ഈസ്റ്റ് ബംഗാളിന് തകർപ്പൻ വിജയം. സ്വന്തം തട്ടകമായ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്ലെയ്റ്റൺ സിൽവയുടെ ഇരട്ടഗോൾ മികവിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ആതിഥേയരായ ഈസ്റ്റ് ബംഗാൾ വിജയക്കൊടി പാറിച്ചത്. ഇന്നലെ മരണപ്പെട്ട ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയോടുള്ള ആദരസൂചകമായി ഒരു നിമിഷം നിശബ്ദത പാലിച്ചതിന് ശേഷമാണ് മത്സരം ആരംഭിച്ചത്. ആദ്യ പകുതിയുടെ 39ആം മിനിറ്റിൽ ഈസ്റ്റ് ബംഗാളാണ് മത്സരത്തിൽ ആദ്യം ലീഡ് നേടിയത്. റോഷൻ സിംഗിൻ്റെ ഹാൻഡ് ബോളിന് റഫറി ആതിഥേയർക്ക് അനുകൂലമായി പെനൽറ്റി വിധിക്കുകയായിരുന്നു. കിക്ക് എടുത്ത ക്ലെയ്റ്റൺ സിൽവയ്‌ക്ക് പഴച്ചില്ല. സ്കോർ 1-0. അങ്ങനെ ആദ്യപകുതി ഇതേ സ്കോറിന് തന്നെ അവസാനിച്ചു.

തുടർന്ന് രണ്ടാം പകുതിയിൽ 55ആം മിനിറ്റിൽ തന്നെ ബംഗളുരു ഗോൾ മടക്കി. റോയ് കൃഷ്ണയുടെ പാസിൽ നിന്നും ഹാവി ഹെർണാണ്ടെസ് ആണ് സന്ദർശകർക്കായി വലകുലുക്കിയത്. ശേഷം സമനിലയിലായ മത്സരം ഇഞ്ചുറി ടൈം വരെ അങ്ങനെതന്നെ നീണ്ടു. ഇരുടീമുകളും മികച്ച അവസരങ്ങൾ തുറന്നെടുത്തെങ്കിലും ഒന്നും ഗോളായി മാറിയില്ല. ഒടുവിൽ ഇഞ്ച്വറി ടൈമിൻ്റെ 2ആം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മാറ്റിക്കൊണ്ട് ക്ലെയ്റ്റൺ സിൽവ ഈസ്റ്റ് ബംഗാളിനെ വിജയത്തിൽ എത്തിക്കുകയായിരുന്നു. ഏകദേശം 30 വാര അകലെ നിന്നും താരം തൊടുത്ത കിടിലൻ ഫ്രീകിക്ക് ബംഗളുരു ഗോൾകീപ്പർ സന്ധുവിന് ഒരവസരം പോലും നൽകാതെ പോസ്റ്റിൻ്റെ വലത് ടോപ് കോർണറിലേക്ക് പറന്നിറങ്ങി.

അതോടെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മത്സരം ഈസ്റ്റ് ബംഗാൾ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഈയൊരു മിന്നും വിജയത്തോടെ 11 മത്സരങ്ങളിൽ നിന്നും 12 പോയിൻ്റുമായി ഈസ്റ്റ് ബംഗാൾ 8ആം സ്ഥാനത്തേക്ക് കയറി. 12 മത്സരങ്ങൾ പൂർത്തിയാക്കിയ ബംഗളുരു 10 പോയിൻ്റുമായി 9ആം സ്ഥാനത്തേക്ക് ഇറങ്ങി. സീസണിലെ 8ആം തോൽവിയാണ് ചേത്രിയും സംഘവും ഇന്ന് വഴങ്ങിയത്.

മത്സരത്തിലുടനീളം തകർപ്പൻ പ്രകടനം പുറത്തെടുക്കുകയും 2 ഗോളുകൾ നേടുകയും ചെയ്ത ക്ലെയ്റ്റൺ സിൽവയാണ് കളിയിലെ താരം.

Leave a comment