ഇടവേളയ്‌ക്ക് ശേഷം റയൽ മാഡ്രിഡ് ഇന്ന് കളത്തിൽ; എതിരാളികൾ വയ്യാഡോലിഡ്.!
ലോകകപ്പ് ഇടവേളയ്ക്ക് ശേഷം ലാലിഗയിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 2 മണിക്ക് അരങ്ങേറുന്ന പോരാട്ടത്തിൽ റയൽ വയ്യഡോലിഡിനെയാണ് ആഞ്ചലോട്ടിയും സംഘവും നേരിടാൻ ഒരുങ്ങുന്നത്. വയ്യാഡോലിഡിൻ്റെ തട്ടകമായ ജോസെ സൊറില്ല സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. നിലവിൽ 14 മത്സരങ്ങളിൽ നിന്നും 35 പോയിൻ്റുമായി ബാർസലോണയ്‌ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് റയൽ ഉള്ളത്. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ അവർക്ക് ഒന്നാംസ്ഥാനം തിരികെ പിടിക്കുവാൻ കഴിയും.
അത്രയും മത്സരങ്ങളിൽ നിന്നും 17 പോയിൻ്റ് മാത്രമായി 13ആം സ്ഥാനത്താണ് വയ്യാഡോലിഡ്. പ്രധാന താരങ്ങൾ എല്ലാവരും തന്നെ ഇന്നത്തെ മത്സരത്തിൽ ലഭ്യമാണ്. ക്യാപ്റ്റൻ ബെൻസീമ പരിക്കിൽ നിന്നും മുക്തനായതും ടീമിന് ആശ്വാസം പകരുന്നു. ഇരുടീമുകളും തമ്മിൽ 20 തവണയാണ് പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ 16 തവണയും റയൽ തന്നെയാണ് വിജയിച്ചത്. ഒരേ ഒരു തവണയാണ് വിജയം വയ്യാഡോലിഡിനൊപ്പം നിന്നത്. കണക്കുകൾ എല്ലാം മാഡ്രിഡ് ടീമിന് അനുകൂലമാണെങ്കിൽ പോലും വയ്യാഡോലിഡിൻ്റെ മൈതാനത്ത് ആണ് മത്സരം എന്നത് അവർക്ക് നേരിയ പ്രതീക്ഷകൾ നൽകുന്നു. എന്തായാലും അതിവാശിയേറിയ പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.