നോർത്ത് ഈസ്റ്റിനെ ഗോൾമഴയിൽ ആറാടിച്ച് ഹൈദരാബാദ്.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ടേബിളിലെ അവസാന സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഗോൾമഴയിൽ ആറാടിച്ച് നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ്. സ്വന്തം തട്ടകമായ ഗച്ചിബൗളി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ആതിഥേയർ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ഹൈദരാബാദിനായി സ്പാനിഷ്താരം സിവേറിയോ ഇരട്ടഗോളുകൾ നേടിയപ്പോൾ ബോർഹ, ഒഡെയ്, ചിയാനീസെ എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്. ശേഷിച്ച ഗോൾ നോർത്ത് ഈസ്റ്റ് ഡിഫൻഡർ ഗൗരവ് ബോറയുടെ വക സെൽഫ് ഗോൾ ആയിരുന്നു.
മത്സരത്തിൻ്റെ 8,73 മിനിറ്റുകളിലാണ് സിവേറിയോയുടെ ഗോളുകൾ പിറക്കുന്നത്. കൂടാതെ 24ആം മിനിറ്റിൽ ബോർഹയും, 30ആം മിനിറ്റിൽ ഒഡെയിയും, 77ആം മിനിറ്റിൽ ചിയാനീസെയും വലകുലുക്കി. ഒടുവിൽ അവസാനത്തെ ആണി അടിക്കുംപോലെ 80ആം മിനിറ്റിൽ ഗൗരവ് ബോറയുടെ സെൽഫ് ഗോൾ കൂടിയായതോടെ ഗോൾപട്ടിക പൂർത്തിയായി. നോർത്ത് ഈസ്റ്റിനായി 36ആം മിനിറ്റിൽ ആരോൺ ഇവൻസാണ് ആശ്വാസഗോൾ കണ്ടെത്തിയത്. ഒടുവിൽ നിശ്ചിത സമയം പിന്നിട്ടപ്പോൾ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് ഹൈദരാബാദ് തകർപ്പൻ വിജയം സ്വന്തമാക്കുകയായിരുന്നു.
ഈയൊരു വിജയത്തോടെ 12 മത്സരങ്ങളിൽ നിന്നും 28 പോയിൻ്റുമായി ഹൈദരാബാദ് ഒന്നാംസ്ഥാനം സ്വന്തമാക്കി. അതേസമയം 12 മത്സരങ്ങളിൽ നിന്നും 11ഉം പരാജയപ്പെട്ടുകൊണ്ട് കേവലം 3 പോയിൻ്റ് മാത്രമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അവസാന സ്ഥാനത്ത് തുടരുകയാണ്.