അടി.. തിരിച്ചടി; ഒടുവിൽ ലിവർപൂളിനെ കീഴടക്കി സിറ്റി.!
കരബാവോ കപ്പിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ ലിവർപൂളിനെതിരെ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് മിന്നും വിജയം. എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ ആതിഥേയരായ സിറ്റിക്ക് മുന്നിൽ അടിയറവ് പറഞ്ഞത്. മത്സരത്തിൻ്റെ 10ആം മിനിറ്റിലാണ് ആദ്യഗോൾ പിറക്കുന്നത്. ഡിബ്രുയ്ൻ്റെ ക്രോസിൽ നിന്നും ഒരു മികച്ച ഫിനിഷിലൂടെ ഹാലണ്ടാണ് സിറ്റിക്കായി വലകുലുക്കിയത്. എന്നാൽ 10 മിനിറ്റിൻ്റെ ആയുസ് മാത്രമേ ഈയൊരു ലീഡിന് ഉണ്ടായിരുന്നുള്ളൂ.
അപ്പോഴേക്കും പോർച്ചുഗീസ് യുവതാരം കർവാലോയിലൂടെ ലിവർപൂൾ ഗോൾമടക്കി. ജെയിംസ് മിൽനർ ആയിരുന്നു ഈയൊരു ഗോളിന് വഴിയൊരുക്കിയത്. അതോടെ മത്സരം കൂടുതൽ വാശിയേറിയതായി. പക്ഷേ ആദ്യപകുതി കൂടുതൽ ഗോളുകൾ ഒന്നും പിറക്കാതെ 1-1 എന്ന നിലയിൽ ഇരുടീമുകളും ഇടവേളയ്ക്ക് പിരിഞ്ഞു. തുടർന്ന് രണ്ടാംപകുതിയിൽ 47ആം മിനിറ്റിൽ തന്നെ സിറ്റി വീണ്ടും ലീഡ് നേടി. റോഡ്രി പിന്നിൽ നിന്നും നീട്ടിനൽകിയ പന്ത് സ്വീകരിച്ച് ഒരു തകർപ്പൻ ഷോട്ടിലൂടെ റിയാദ് മാഹ്റെസാണ് ഇത്തവണ ഗോൾ സ്വന്തമാക്കിയത്. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ തന്നെ ലിവർപൂൾ വീണ്ടും തിരിച്ചടിച്ചു.
ഡാർവിൻ ന്യൂനെസിൻ്റെ പാസിൽ നിന്നും മൊഹമ്മദ് സലായാണ് ഗോൾ നേടിയത്. തുറന്ന പോസ്റ്റിലേക്ക് പന്ത് തട്ടിയിടേണ്ട കടമ മാത്രമേ സലായ്ക്ക് ഉണ്ടായിരുന്നുള്ളൂ. സ്കോർ 2-2. പക്ഷേ സിറ്റി വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല. 58ആം മിനിറ്റിൽ നഥാൻ ആകയിലൂടെ സിറ്റി വിജയഗോൾ സ്വന്തമാക്കി. ഡിബ്രുയ്ൻ ബോക്സിലേക്ക് നീട്ടി നൽകിയ ഒരു കിടിലം ക്രോസിൽ നിന്നും ഒരു മികച്ച ഹെഡ്ഡറിലൂടെയാണ് താരം വെടിപൊട്ടിച്ചത്. എന്നാൽ പിന്നീട് ഒപ്പമെത്താൻ ലിവർപൂളിനെ സിറ്റി അനുവദിച്ചില്ല. ശേഷിച്ച സമയം സമനില ഗോളിനായി ലിവർപൂൾ പൊരുതി നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ നിശ്ചിതസമയം പിന്നിട്ടപ്പോൾ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആതിഥേയരായ സിറ്റി വിജയം സ്വന്തമാക്കുകയായിരുന്നു.
കളിയിൽ മേധാവിത്വം പുലർത്തിയതും സിറ്റി തന്നെയായിരുന്നു. 9 ഓൺ ടാർഗറ്റ് ഷോട്ട് ഗോൾ ലക്ഷ്യമാക്കി സിറ്റി ലിവർപൂൾ പോസ്റ്റിലേക്ക് പായിച്ചെങ്കിലും ഗോൾകീപ്പർ കെല്ലെഹെറിൻ്റെ മിന്നും സേവുകളും നിർഭാഗ്യവും കൂടുതൽ ഗോളുകൾ നേടുന്നതിൽ നിന്നും സിറ്റിയെ അകറ്റി നിർത്തുകയായിരുന്നു. ഈയൊരു തകർപ്പൻ വിജയത്തോടെ കരബാവോ കപ്പിലെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടുവാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞു. വരുന്ന ജനുവരി 10ന് നടക്കുന്ന ക്വാർട്ടറിൽ സതാംപ്ടണിനെയാണ് സിറ്റിക്ക് ഇനി നേരിടേണ്ടത്. അതേസമയം തോൽവി ഏറ്റുവാങ്ങിയ ലിവർപൂൾ കരബാവോ കപ്പിൽ നിന്നും പുറത്തായി.






































