സൗത്ത് ഇന്ത്യൻ ഡെർബി സമനിലയിൽ കലാശിച്ചു.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സും, ചെന്നൈയിൻ എഫ്സിയും തമ്മിൽ അരങ്ങേറിയ സൗത്ത് ഇന്ത്യൻ ഡെർബി സമനിലയിൽ കലാശിച്ചു. ചെന്നൈയിൻ്റെ തട്ടകമായ മറീന അരീനയിൽ നടന്ന പോരാട്ടത്തിൽ ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി പിരിയുകയായിരുന്നു. മത്സരത്തിൻ്റെ ആദ്യ പകുതിയുടെ 23ആം മിനിറ്റിൽ മലയാളിതാരം സഹൽ അബ്ദുൾ സമദിലൂടെ ബ്ലാസ്റ്റേഴ്സ് ആണ് ആദ്യം മുന്നിലെത്തിയത്.
യുക്രേനിയൻ താരം ഇവാൻ കല്യുഷ്ണിയാണ് ഈയൊരു ഗോളിന് വഴിയൊരുക്കിയത്. ആദ്യപകുതി അങ്ങനെ ഈയൊരു ഗോളിൻ്റെ ലീഡിൽ അവസാനിപ്പിക്കുവാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ 48ആം മിനിറ്റിൽ വിൻസി ബാരെറ്റോയിലൂടെ ചെന്നൈയിൻ ഗോൾ മടക്കി. റഹീം അലിയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് കീപ്പർ ഗിൽ തടുത്തിട്ടെങ്കിലും റീബൗണ്ട് ആയിവന്ന പന്ത് വിൻസി വലയിലാക്കുകയായിരുന്നു. അതോടെ മത്സരം 1-1 എന്ന നിലയിലായി.
ശേഷിച്ച സമയം വിജയഗോളിനായി ഇരുടീമുകളും ആവുന്നത്ര പരിശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി. അങ്ങനെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. സീസണിലെ ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ സമനിലയായിരുന്നു ഇത്. ഈയൊരു സമനിലയോടെ 10 മത്സരങ്ങളിൽ നിന്നും 19 പോയിൻ്റ് നേടിയ ബ്ലാസ്റ്റേഴ്സ് 4ആം സ്ഥാനത്തേക്ക് പ്രവേശിച്ചു. അത്രയും മത്സരങ്ങളിൽ നിന്നും 14 പോയിൻ്റ് നേടിയ ചെന്നൈയിൻ 7ആം സ്ഥാനത്താണ്. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത അഡ്രിയാൻ ലൂണയാണ് കളിയിലെ താരം.