പൂരം കൊടിയിറങ്ങാൻ പോകുന്നു; അവസാന പുഞ്ചിരി ആരുടേതാകും..?
അങ്ങനെ ഒരുമാസം നീണ്ടുനിന്ന ഖത്തർ ലോകകപ്പ് എന്ന പൂരത്തിന് കൊടിയിറങ്ങാൻ പോകുകയാണ്. 32 ടീമുകളിൽ തുടങ്ങിയ പോരാട്ടം ഒടുവിൽ 2 ടീമുകളിൽ എത്തിനിൽക്കുന്നു. ഒരുവശത്ത് സാക്ഷാൽ ലയണൽ മെസ്സിയുടെ അർജൻ്റീന ആണെങ്കിൽ മറുവശത്ത് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്. കണ്ടതിനേക്കാൾ മനോഹരമാണ് കാണാൻ ഇരിക്കുന്നത്.. എന്ന് പറയുന്നത് പോലെ ഇതുവരെ നമ്മൾ ആസ്വദിച്ച മത്സരങ്ങളെക്കാൾ നമ്മെ ഹരം കൊള്ളിക്കുന്നതാവും വരാൻ പോകുന്ന ഫൈനൽ മത്സരം. കടലാസിലെ കരുത്തർ ഫ്രാൻസ് ആണെങ്കിൽ പോലും ആദ്യ മത്സരത്തിൽ സൗദിക്ക് മുന്നിൽ കാലിടറിയ ശേഷം ഫൈനലിലേക്ക് അവിശ്വസനീയ കുതിപ്പ് നടത്തിയ അർജൻ്റീനയെ ദെഷാംപ്സിനും സംഘത്തിനും ഭയപ്പെടാതെ നിർവാഹമില്ല.
ചരിത്രം പരിശോധിച്ചാൽ കണക്കുകൾ അർജൻ്റീനയ്ക്കൊപ്പമാണ്. 12 തവണയാണ് ഇരുടീമുകളും മുമ്പ് പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ 6 തവണയും വിജയം അർജൻ്റീനക്കൊപ്പമായിരുന്നു. 3 മത്സരങ്ങൾ സമനിലയായപ്പോൾ ബാക്കിയുള്ള 3 മത്സരങ്ങൾ ഫ്രാൻസും വിജയിച്ചു. എന്നാൽ ഏറ്റവുമൊടുവിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത് 2018ലെ ലോകകപ്പ് പ്രീക്വാർട്ടർ മത്സരത്തിലാണ്. അന്ന് മൂന്നിനെതിരെ നാല് ഗോളുകൾക്ക് അർജൻ്റീനയെ കീഴടക്കാൻ ഫ്രാൻസിന് കഴിഞ്ഞു.
പക്ഷേ അന്നത്തെ അർജൻ്റീന അല്ല ഇപ്പോഴുള്ളത്. അതിൽ നിന്നും അവർ ഒരുപാട് മെച്ചപ്പെട്ടുകഴിഞ്ഞു. അവസാന വിസിൽ വരെ വിജയത്തിനായി കയ്യും മെയ്യും മറന്ന് പോരടിക്കുന്ന മനോഭാവമുള്ള ടീമായി അർജൻ്റീനയെ മാറ്റിയെടുക്കാൻ സ്കലോണിക്ക് കഴിഞ്ഞിട്ടുണ്ട്. ഇനിയൊരു ലോകകപ്പിൽ താൻ ഉണ്ടായേക്കില്ല എന്ന് ലയണൽ മെസ്സി ക്രൊയേഷ്യക്കെതിരെയുള്ള സെമിഫൈനൽ മത്സരത്തിന് ശേഷം പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ മെസ്സിക്ക് വേണ്ടി ലോകകപ്പ് കിരീടത്തിൽ കുറഞ്ഞതൊന്നും അർജൻ്റൈൻ ടീം നൽകുവാൻ ഉദ്ദേശിക്കുന്നില്ല.
മറുവശത്ത്, തുടർച്ചയായ രണ്ടാം ഫൈനലിനാണ് ഫ്രഞ്ച്പട തയ്യാറെടുക്കുന്നത്. ഇത്തവണയും കിരീടം നേടുവാൻ കഴിഞ്ഞാൽ ചരിത്രത്തിൽ ഇടംപിടിക്കുവാൻ ഫ്രാൻസിന് സാധിക്കും. നിലവിൽ ബ്രസീൽ മാത്രമാണ് ലോകകപ്പ് നിലനിർത്തിയിട്ടുള്ളത് (1958,1962). പോഗ്ബ, കാൻ്റെ, കിമ്പെമ്പെ, എൻകുങ്കു, ബെൻസീമ, ലൂക്കാസ് ഹെർണാണ്ടെസ് തുടങ്ങിയ താരങ്ങൾ പരിക്കേറ്റ് സ്ക്വാഡിൽ നിന്നും പുറത്തുപോയിട്ടും ഫ്രാൻസിൻ്റെ കുതിപ്പിനെ അതൊന്നും ബാധിച്ചില്ല.
നിലവിൽ 5 ഗോളുകളുമായി ഗോൾഡൻ ബൂട്ട് റെയ്സിൽ എമ്പാപ്പെയും, മെസ്സിയും ഒപ്പത്തിനൊപ്പമാണ്. രണ്ടിലൊരാൾ ഫൈനലിൽ ഗോൾ നേടിയാൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ കഴിയും. അതേസമയം ഗോളുകളുടെ എണ്ണം തുല്യമായാൽ രണ്ട് പേരിൽ ആരാണോ കൂടുതൽ അസിസ്റ്റ് നൽകിയത്.. അവർക്ക് ആകും ഗോൾഡൻ ബൂട്ട് ലഭിക്കുക. നിലവിൽ 3 അസിസ്റ്റുകളുമായി മെസ്സിയാണ് മുന്നിൽ. എമ്പാപ്പെയ്ക്ക് 2 അസിസ്റ്റും. കൂടാതെ ഇരുവരുടെയും രണ്ടാം ലോകകപ്പ് ഫൈനൽ ആണിത്.
2014ൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട കിരീടം ഇത്തവണ വീണ്ടെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് മെസ്സിയുള്ളത്. എന്തായാലും ലോകകപ്പ് പൂരം കൊടിയിറങ്ങാൻ പോകുമ്പോൾ അവസാന പുഞ്ചിരി ആരുടേതാകുമെന്ന് അറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.






































