അർജൻ്റീനയുടെ എതിരാളികളെ ഇന്നറിയാം; അങ്കം ഫ്രാൻസും മൊറോക്കോയും തമ്മിൽ.!
ഖത്തർ ലോകകപ്പിലെ രണ്ടാം ഫൈനലിസ്റ്റുകളെ ഇന്നറിയാം. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30ന് അരങ്ങേറുന്ന സെമിഫൈനൽ മത്സരത്തിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും. ദോഹയിലെ അൽ ബയ്ത് സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. ഇന്നത്തെ വിജയികളാവും വരുന്ന ഞായറാഴ്ച നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ അർജൻ്റീനയെ നേരിടുക. കടലാസിലെ കണക്കുകൾ പരിഗണിക്കുമ്പോൾ സാധ്യതകൾ കൂടുതൽ ഫ്രാൻസിന് ആണെങ്കിലും മൊറോക്കോയെ വിലകുറച്ച് കാണുവാൻ കഴിയില്ല. ലോകകപ്പിൽ ഇതുവരെ 5 മത്സരങ്ങൾ പൂർത്തിയാക്കിയ അവർ കേവലം ഒരു ഗോൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്. അതും ഒരു സെൽഫ് ഗോൾ.
ഫ്രാൻസിൻ്റെ മുന്നേറ്റനിരയും, മൊറോക്കോയുടെ പ്രതിരോധനിരയും തമ്മിലാകും ഇന്നത്തെ മത്സരം എന്ന കാര്യത്തിൽ യാതൊരു വിധ സംശയവും ഇല്ല. ലോകകപ്പിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ആഫ്രിക്കയിൽ നിന്നുമൊരു ടീം സെമിഫൈനലിലേക്ക് യോഗ്യത നേടുന്നത്. ഇന്ന് ഫ്രാൻസിനെ കീഴടക്കി ഫൈനലിൽ പ്രവേശിക്കുവാൻ കഴിഞ്ഞാൽ അതൊരു പുതുചരിത്രമാകും. ഹക്കിം സയക്ക്, എൻ നെസിരി, ഹക്കിമി, മസ്റോയി, ബൗഫൽ, ബോനോ തുടങ്ങിയ പ്രഗത്ഭരായ താരങ്ങളുടെ സാന്നിധ്യമാണ് ടീമിൻ്റെ കരുത്ത്.
മറുവശത്ത് താരനിബിഡമായ സ്ക്വാഡുമായാണ് ഫ്രാൻസിൻ്റെ വരവ്. ഇതുവരെ 5 ഗോളുകളും 2 അസിസ്റ്റുകളുമായി മിന്നും ഫോമിലുള്ള സൂപ്പർതാരം കിലിയാൻ എമ്പാപ്പെയാണ് ഫ്രാൻസിൻ്റെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. പി.എസ്.ജിയിൽ തൻ്റെ സഹതാരമായ അഷ്റഫ് ഹക്കിമിക്കാകും ഇന്ന് എമ്പാപ്പെയെ പൂട്ടാൻ ഉള്ള ചുമതല. ക്വാർട്ടർ ഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടിനെ കീഴടക്കിക്കൊണ്ടാണ് ഫ്രഞ്ച്പട സെമിയിലേക്ക് യോഗ്യത നേടിയത്.
അതേസമയം, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ തകർത്തുകൊണ്ടാണ് മൊറോക്കോയുടെ സെമിഫൈനൽ മാർച്ച്. എന്തായാലും തുടർച്ചയായ രണ്ടാം ഫൈനൽ ലക്ഷ്യമിട്ട് വരുന്ന ഫ്രാൻസിന് മൊറോക്കോയെ കീഴടക്കാൻ കഴിയുമോയെന്ന് നമുക്ക് കാത്തിരുന്നു കാണാം.