ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ 5 സെമിഫൈനലുകൾ.!
ഫിഫയുടെ 22ആം ലോകകപ്പ് ആണ് ഖത്തറിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇന്നും നാളെയുമായി നടക്കുന്ന ക്രൊയേഷ്യ-അർജൻ്റീന, മൊറോക്കോ-ഫ്രാൻസ് സെമിഫൈനലുകളോടെ ഖത്തറിലെ ഫൈനലിൽ പോരടിക്കുന്ന അവസാന 2 ടീമുകളെ നമുക്ക് അറിയുവാൻ കഴിയും. എന്തായാലും ഇതിന് മുമ്പ് അരങ്ങേറിയിട്ടുള്ള ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ 5 സെമിഫൈനലുകൾ ഏതൊക്കെയാണെന്ന് നമുക്കൊന്ന് വിലയിരുത്താം;
5. ITALY vs WEST GERMANY (1970).
1970ലെ ഇറ്റലിയും, വെസ്റ്റ് ജർമനിയും തമ്മിൽ അരങ്ങേറിയ സെമി ഫൈനൽ പോരാട്ടം. നൂറ്റാണ്ടിലെ ഏറ്റവും മികച്ച മത്സരം എന്നായിരുന്നു ഈയൊരു മത്സരത്തെ വിശേഷിപ്പിച്ചിരുന്നത്. അന്നത്തെ ഒരു ആരാധകനും ഒരിക്കലും മറക്കുവാൻ കഴിയാത്ത മത്സരം. റോബർട്ടോ ബോനിൻസെഗ്നയുടെ ഗോളിൽ ഇറ്റലി മത്സരത്തിൻ്റെ തുടക്കം തന്നെ ലീഡ് നേടുന്നു. ഇറ്റലി ഫൈനലിലേക്ക് കുതിക്കുമെന്ന് പലരും കരുതിയ നിമിഷം. ഒടുവിൽ കാൾ ഹെയ്ൻസിൻ്റെ ഗോളിൽ ജർമനി ഒപ്പമെത്തുകയും മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടുകയും ചെയ്യുന്നു. തുടർന്നുള്ള 3 മിനിറ്റിനിടയിൽ പിറന്നത് 5 ഗോളുകൾ. ഒടുവിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് ഇറ്റലി മത്സരം വിജയിച്ചു.
4. BRAZIL vs NETHERLANDS (1998).
1998ൽ അരങ്ങേറിയ ബ്രസീൽ, നെതർലൻഡ്സ് മത്സരം. നിശ്ചിത സമയവും, അധികസമയവും ഇരുടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുന്നു. തുടർന്ന് ഷൂട്ടൗട്ടിൽ ബ്രസീൽ 4-2 ന് വിജയിക്കുകയും ചെയ്തു. 87 മിനിറ്റ് വരെ ഗോൾരഹിതമായി നിന്നതിനു ശേഷമാണ് ഈ മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. 87ആം മിനിറ്റിൽ ബ്രസീൽ ഗോൾ നേടുകയും ശേഷം ഇഞ്ചുറി ടൈമിലെ ഗോളിൽ നെതർലഡ്സ് ഒപ്പമെത്തുകയും ചെയ്തു. തുടർന്നാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടിയത്.
3. GERMANY vs ITALY (2006)
2006ലെ ജർമനിയും ഇറ്റലിയും തമ്മിലുള്ള മത്സരം. നിശ്ചിത സമയം ഗോൾ നേടുവാൻ ലഭിച്ച നിരവധി അവസരങ്ങൾ ഇരുടീമുകളും തുലച്ചു കളയുന്നു. തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക്. ഒടുവിൽ ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുമെന്ന് പ്രതീക്ഷിക്കെ 119ആം മിനിറ്റിൽ പിർലോയിലൂടെ ഇറ്റലി ലീഡ് നേടുന്നു. ശേഷം മിനിട്ടുകൾക്ക് ശേഷം രണ്ടാം ഗോളും നേടി അവസാന നിമിഷത്തെ നാടകീയ നിമിഷങ്ങൾക്ക് ശേഷം മത്സരം ഇറ്റലി സ്വന്തമാക്കുന്നു.
2. WEST GERMANY vs FRANCE (1982).
1982ലെ വെസ്റ്റ് ജർമനിയും, ഫ്രാൻസും തമ്മിൽ അരങ്ങേറിയ സെമിഫൈനൽ മത്സരം. നിശ്ചിത സമയം ഇരുടീമുകളും ഓരോ ഗോൾവീതം നേടി സമനില പാലിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടി. പിന്നീട് ഉള്ള 30 മിനിറ്റിൽ പിറന്നത് 4 ഗോളുകൾ. മത്സരം 3-3 എന്ന നിലയിൽ ആവേശകരമായി അവസാനിച്ചു. തുടർന്ന് നടന്ന പെനൽറ്റി ഷൂട്ടൗട്ടിൽ 5-4ന് വെസ്റ്റ് ജർമനി വിജയിക്കുകയും ചെയ്തു.
1. GERMANY vs BRAZIL (2014).
2014ലെ ജർമനിയും ബ്രസീലും തമ്മിൽ ബ്രസീലിൽ വെച്ച് നടന്ന സെമിഫൈനൽ മത്സരം. ഇരുടീമുകളുടെയും ആരാധകർക്ക് മാത്രമല്ല ഈയൊരു മത്സരം വീക്ഷിച്ച ആർക്കും അത് മറക്കുവാൻ കഴിയില്ല. സ്വന്തം കാണികൾക്ക് മുന്നിൽ ജർമനി ബ്രസീലിനെ തകർത്തുവിട്ടത് ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക്. തുടർന്ന് ഫൈനലിലേക്ക് പ്രവേശിച്ച ജർമനി അർജൻ്റീനയെ പരാജയപ്പെടുത്തി കിരീടം ചൂടുകയും ചെയ്തു.
ഇത്രയുമാണ് ഫിഫയുടെ ലോകകപ്പ് ചരിത്രത്തിൽ നടന്നിട്ടുള്ള എക്കാലത്തെയും മികച്ച അഞ്ച് സെമിഫൈനൽ മത്സരങ്ങൾ. അതിൽ 4 മത്സരങ്ങളിൽ ജർമനി ഉണ്ടായിരുന്നു എന്നതാണ് ഇതിലെ സവിശേഷത. എന്തായാലും ഖത്തറിലെ സെമി ഫൈനലിൽ വിജയം ആർക്കൊപ്പമാകുമെന്ന് അറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.