ഖത്തറിൽ ഇന്ന് തീപാറും; ക്വാർട്ടറിൽ ഫ്രാൻസും, ഇംഗ്ലണ്ടും നേർക്കുനേർ.!
ലോകകപ്പിലെ അവസാന ക്വാർട്ടർഫൈനൽ പോരാട്ടത്തിൽ ഇന്ന് യൂറോപ്പിലെ വമ്പന്മാർ തമ്മിൽ കൊമ്പുകോർക്കുകയാണ്. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30ന് അൽ ബയ്ത് സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും. യൂറോപ്യൻ ലീഗുകളിൽ കരുത്ത് തെളിയിച്ച സൂപ്പർതാരങ്ങളാൽ സമ്പന്നമായ ടീമുകൾ ആയതുകൊണ്ട് തന്നെ മത്സരം തീപാറുമെന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. പി.എസ്.ജിയുടെ സൂപ്പർതാരം കിലിയാൻ എമ്പാപ്പെയിലാണ് ഫ്രാൻസിൻ്റെ പ്രതീക്ഷകളൊക്കെയും.
4 മത്സരങ്ങളിൽ നിന്നും 5 ഗോളുകളും, 2 അസിസ്റ്റുകളുമാണ് എമ്പാപ്പെ ഇതുവരെ നേടിയിട്ടുള്ളത്. ഈയൊരു മികവ് ഇന്നത്തെ മത്സരത്തിലും താരം പുറത്തെടുത്താൽ ഫ്രാൻസിന് അത് വലിയ മുതൽക്കൂട്ട് ആവുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. കൂടാതെ, ഡെമ്പെലെ, ഗ്രീസ്മാൻ, ജിറൗഡ് തുടങ്ങിയ മുന്നേറ്റനിര താരങ്ങളും ടീമിൻ്റെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു. മറുവശത്ത് ഒരു മത്സരം പോലും പരാജയപ്പെടാതെ അപരാജിതരായിക്കൊണ്ടാണ് ഇംഗ്ലണ്ടിൻ്റെ വരവ്. യുവതാരങ്ങൾ തന്നെയാണ് ടീമിൻ്റെ കരുത്ത്. ബെല്ലിങ്ഹാം, സാക്ക, റാഷ്ഫോർഡ്, മൗണ്ട്, കെയ്ൻ, ഫോഡൻ തുടങ്ങി എല്ലാ താരങ്ങളും തന്നെ യൂറോപ്പിൽ പേരെടുത്തവരാണ്. മൂർച്ചയുള്ള ആക്രമണം തന്നെയാണ് 2 ടീമുകളുടെയും ശക്തി. ഒപ്പം പ്രതിരോധവും മികച്ചത് തന്നെയാണ്. കടലാസിൽ തുല്യരായത് കൊണ്ടുതന്നെ വിജയം ആർക്കൊപ്പം നിൽക്കുമെന്ന് പ്രവചിക്കുക ബുദ്ധിമുട്ട് ആണ്.
മുമ്പ് തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ള കണക്കുകൾ പരിശോധിച്ചാൽ ഇംഗ്ലണ്ട് ആണ് മുന്നിലെങ്കിലും ഇന്നത്തെ മത്സരത്തിൽ ഒരല്പം മുൻതൂക്കം ഫ്രാൻസിന് തന്നെയാണുള്ളത്. പോർച്ചുഗൽ-മൊറോക്കോ മത്സരത്തിലെ വിജയികളെയാകും ഇന്നത്തെ മത്സരത്തിലെ വിജയികൾ സെമിയിൽ നേരിടുക. എന്തായാലും ആരാകും സെമിയിലേക്ക് ടിക്കറ്റ് എടുക്കുക എന്നറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.