വിജയവഴിയിൽ തിരിച്ചെത്താൻ ഗോവ; എതിരാളികൾ കരുത്തരായ ഒഡീഷ.!
ഹീറോ ഇന്ത്യൻ സൂപ്പർലീഗിലെ ഒൻപതാം റൗണ്ട് പോരാട്ടത്തിൽ എഫ്സി ഗോവ ഇന്ന് ഒഡീഷ എഫ്സിയെ നേരിടും. വൈകുന്നേരം 5.30 ന് കിക്കോഫ് ആകുന്ന മത്സരം ഗോവയുടെ തട്ടകമായ ഫറ്റോർഡ സ്റ്റേഡിയത്തിൽ വെച്ചാകും അരങ്ങേറുക. ഗോവയ്ക്ക് സീസണിൽ മികച്ച തുടക്കം ലഭിച്ചിട്ടും പിന്നീട് അങ്ങോട്ട് നിറംമങ്ങുന്ന കാഴ്ചയാണ് കണ്ടത്. ഏറ്റവുമൊടുവിൽ നടന്ന 2 മത്സരത്തിലും പരാജയമായിരുന്നു കാർലോസ് പെനയ്ക്കും സംഘത്തിനും നേരിടേണ്ടിവന്നത്. അതുകൊണ്ട് ഏതുവിധേനയും വിജയവഴിയിൽ തിരിച്ചെത്തുക എന്നതാവും ഗോവയുടെ ലക്ഷ്യം.
മറുവശത്ത് മിന്നുന്ന ഫോമിലാണ് ഒഡീഷയുള്ളത്. കേവലം 2 മത്സരങ്ങൾ മാത്രമാണ് അവർ ഇതുവരെ പരാജയപ്പെട്ടിട്ടുള്ളത്. ഏറ്റവുമൊടുവിൽ നടന്ന 3 മത്സരങ്ങളിലും വിജയിക്കാൻ ടീമിന് കഴിഞ്ഞിരുന്നു. നിലവിൽ 8 മത്സരങ്ങളിൽ നിന്നും 18 പോയിൻ്റ് നേടിയ ഒഡീഷ 4ആം സ്ഥാനത്തും, അത്രയും കളികളിൽ നിന്നും 12 പോയിൻ്റുമായി ഗോവ ആറാം സ്ഥാനത്തുമാണ്. എന്തായാലും ആരാകും ഇന്നത്തെ പോരാട്ടത്തിൽ വിജയം സ്വന്തമാക്കുക എന്നറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.