Cricket Cricket-International Top News

തോറ്റെങ്കിലും ഒരുപിടി റെക്കോർഡുകളുമായി കളംനിറഞ്ഞ് രോഹിത് ശർമ

December 7, 2022

author:

തോറ്റെങ്കിലും ഒരുപിടി റെക്കോർഡുകളുമായി കളംനിറഞ്ഞ് രോഹിത് ശർമ

ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ പൊരുതി വീണെങ്കിലും ഒരുപിടി റെക്കോർഡുകളുമായാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ മൈതാനം വിട്ടത്. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 500 സിക്സുകള്‍ പറത്തുന്ന താരമായാണ് രോഹിത് മാറിയത്. വെസ്റ്റ് ഇന്‍ഡീസിന്‍റെ വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയിലിന് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ 500 സിക്സ് നേടുന്ന താരമാകാനും രോഹിത്തിന് സാധിച്ചു. 447 മത്സരങ്ങളില്‍ നിന്നാണ് ഗെയില്‍ 500 സിക്സുകള്‍ നേടിയതെങ്കില്‍ ഹിറ്റ്മാന് വേണ്ടി വന്നത് 428 മത്സരങ്ങള്‍ മാത്രമാണ്.

2007-ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ രോഹിത് ശര്‍മ നിലവില്‍ ട്വന്‍റി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയിട്ടുള്ള താരമാണ്. ഏകദിനത്തില്‍ നാലാം സ്ഥാനവും രോഹിത്തിനുണ്ട്. ക്രിസ് ഗെയില്‍, ഷാഹിദ് അഫ്രീദി, സനത് ജയസൂര്യ എന്നിവരാണ് ഇന്ത്യന്‍ നായകന് മുന്നിലുള്ളത്. അവസാന ഓവറില്‍ 20 റണ്‍സ് ജയിക്കാന്‍ ടീം ഇന്ത്യക്ക് വേണ്ടിയിരുന്നപ്പോള്‍ പരിക്കിനിടയിലും പോരാട്ടം കാഴ്ചവെച്ചാണ് ഹിറ്റ്‌മാന്‍ മടങ്ങിയത്. പരിക്കേറ്റ താരത്തിന് ബംഗ്ലാദേശിനെതിരായ മൂന്നാം മത്സരം നഷ്ടമാവും. വിദഗ്ധ ഡോക്‌ടറുടെ സേവനത്തിനായി രോഹിത് മുംബൈയിലേക്ക് മടങ്ങും എന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ് സ്ഥിരീകരിച്ചത്. രോഹിത്തിന് പുറമെ പേസര്‍മാരായ കുല്‍ദീപ് സെന്നും ദീപക് ചാഹറും പരമ്പരയില്‍ നിന്ന് പുറത്തായിട്ടുണ്ട്.

Leave a comment