Cricket Cricket-International Top News

ഹിറ്റ്മാന്‍റെ വെടിക്കെട്ടിനെ അതിജീവിച്ച് ബംഗ്ലാദേശ്, ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തിലും വിജയം

December 7, 2022

author:

ഹിറ്റ്മാന്‍റെ വെടിക്കെട്ടിനെ അതിജീവിച്ച് ബംഗ്ലാദേശ്, ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തിലും വിജയം

പരിക്കിനെ വകവയ്ക്കാതെ പൊരുതിയ ഹിറ്റ്മാന്‍റെ വെടിക്കെട്ടിനെ അതിജീവിച്ച് രണ്ടാം ഏകദിനത്തില്‍ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. 28 പന്തില്‍ മൂന്നു ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 51 റണ്‍സോടെ രോഹിത് കളം നിറഞ്ഞെങ്കിലും വിജയതീരത്തിന് പടിവാതില്‍ക്കല്‍ ഇന്ത്യ വീഴുകയായിരുന്നു. അഞ്ച് റണ്‍സിന്റെ വിജയം അക്കൗണ്ടിലെത്തിച്ച ബംഗ്ലാദേശ് ഏകദിന പരമ്പരയും സ്വന്തമാക്കി.

272 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് അടിച്ചെടുത്തത്. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ രോഹിതിനൊപ്പം അക്കൗണ്ട് തുറക്കാതെ ഉമ്രാന്‍ മാലിക്കായിരുന്നു ക്രീസില്‍. സെഞ്ചുറി നേടി ബാറ്റിംഗിലും നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കി ബൗളിംഗിലും കരുത്ത് കാണിച്ച മെഹ്ദി ഹസനാണ് ബംഗ്ലാദേശിന് എക്കാലവും ഓര്‍മ്മിക്കാന്‍ സാധിക്കുന്ന ഒരു പരമ്പര വിജയം നേടിക്കൊടുത്തത്. സെഞ്ചുറിക്കൊപ്പം മെഹ്ദി രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.

പേരിലെ പെരുമ ആവോളമുള്ള മുന്‍നിരയുടെ തകര്‍ച്ചയോടെയാണ് ഇന്ത്യയുടെ മറുപടി ബാറ്റിംഗ് തുടങ്ങിയത്. പരിക്കേറ്റ രോഹിത് ശര്‍മയ്ക്ക് പകരം ശിഖര്‍ ധവാനൊപ്പം വിരാട് കോലിയാണ് ഓപ്പണിംഗ് വിക്കറ്റില്‍ എത്തിയത്. വന്ന വേഗത്തില്‍ തന്നെ കിംഗ് കോലി തിരികെ മടങ്ങി. എബഡോട്ട് ഹുസൈനായിരുന്നു വിക്കറ്റ്. സീനിയര്‍ താരമായ ശിഖര്‍ ധവാനും പോരാട്ടം ഒന്നും കൂടാതെ മുസ്താഫിസുറിന് വിക്കറ്റ് നല്‍കി മടങ്ങിയതോടെ ഇന്ത്യ സമ്മർദത്തിലായി. ശ്രേയസ് അയ്യര്‍ – വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും സുന്ദറിന് അധികം ആയുസ് ഉണ്ടായില്ല. 19 പന്തില്‍ 11 റണ്‍സ് എടുത്ത വാഷിംഗ്ടണ്‍ സുന്ദറിനെ ഷാക്കിബ് മടക്കി.

കെഎല്‍ രാഹുലിനും ബംഗ്ലാദേശ് ബൗളിംഗ് നിര അധികം അവസരം നല്‍കിയില്ല. 14 റണ്‍സ് മാത്രമെടുത്ത് രാഹുല്‍ ഗ്യാലറിയിലെത്തി. പിന്നീട് അഞ്ചാം വിക്കറ്റില്‍ അക്‌സര്‍ പട്ടേല്‍-ശ്രേയസ് അയ്യര്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ 107 റണ്‍സാണ് ഇന്ത്യയുടെ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. ഫോറും മൂന്ന് സിക്‌സും സഹിതം അക്‌സര്‍ പട്ടേല്‍ 56 റണ്‍സെടുത്തപ്പോള്‍ ശ്രേയസ് അയ്യര്‍ 102 പന്തില്‍ ആറു ഫോറും മൂന്ന് സിക്‌സും സഹിതം 82 റണ്‍സ് അടിച്ചെടുത്തു. മറ്റു ബാറ്റര്‍മാര്‍ക്കൊന്നും തിളങ്ങാനായില്ല.

Leave a comment