പ്രീക്വാർട്ടർ അവസാനിച്ചു.. ഇനിയാണ് പൂരം..!
ഖത്തർ ലോകകപ്പ് അതിൻ്റെ അവസാന ഘട്ടത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. 32 ടീമുകളിൽ തുടങ്ങിയ പോരാട്ടം കേവല 8 ടീമുകളിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഇനിയാണ് പൂരം… ആരാധകരുടെ പ്രിയപ്പെട്ട ടീമുകളായ അർജൻ്റീനയും, ബ്രസീലും, പോർച്ചുഗലും എല്ലാം അവസാന എട്ടിലേക്ക് കടന്നിട്ടുണ്ട് എന്നത് ഖത്തർ ലോകകപ്പിൻ്റെ മാറ്റ് കൂട്ടുന്നു. വമ്പന്മാരായ സ്പെയിൻ മൊറോക്കോയ്ക്ക് മുന്നിൽ കടപുഴകിയത് മാത്രമാണ് പ്രീക്വാർട്ടറിൽ സംഭവിച്ച ഏക അട്ടിമറി. എന്നിരുന്നാലും അതൊരു അട്ടിമറി ആണെന്ന് പൂർണമായും പറയുവാൻ കഴിയില്ല. ബെൽജിയം, ക്രൊയേഷ്യ തുടങ്ങിയ വമ്പന്മാർ ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്നും അപരാജിതരായിക്കൊണ്ട് ഒന്നാം സ്ഥാനക്കാരായാണ് മൊറോക്കോ പ്രീക്വാർട്ടറിൽ പ്രവേശിച്ചത്.

ഒടുവിൽ സ്പെയിനും അവരുടെ പോരാട്ടവീര്യത്തിന് മുന്നിൽ മുട്ടുമടക്കിയപ്പോൾ ഫുട്ബോൾ ലോകം അക്ഷരാർത്ഥത്തിൽ ഒന്നു ഞെട്ടിയിട്ടുണ്ടാകണം. എന്തായാലും കേവലം 2 മത്സരങ്ങൾക്ക് അപ്പുറം അവരെ കാത്തിരിക്കുന്നത് ലോകകപ്പ് ഫൈനൽ ആണ്.. ഈയൊരു കുതിപ്പ് അവിടെ വരെ എത്തിയാൽ അതൊരു പുതു ചരിത്രമാകും.
കണ്ടതിനേക്കാൾ മനോഹരമാണ് ഇനി കാണാനിരിക്കുന്നത്. ക്വാർട്ടറിൽ അരങ്ങേറുന്ന 4 മത്സരങ്ങളും തീപാറിക്കും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

ഫ്രാൻസ്-ഇംഗ്ലണ്ട്, അർജൻ്റീന-നെതർലൻഡ്സ് എന്നീ പോരാട്ടങ്ങൾ ആകും കൂട്ടത്തിൽ ഏറ്റവും കടുപ്പമേറിയത്. ഒരുപക്ഷേ കാര്യങ്ങൾ അനുകൂലമായാൽ ഒരു ലയണൽ മെസ്സി-ക്രിസ്റ്റ്യാനോ റൊണാൾഡോ പോരാട്ടം വരെ നമുക്ക് ഫൈനലിൽ കാണുവാൻ കഴിഞ്ഞേക്കാം. പക്ഷേ അതിന് അർജൻ്റീനയും പോർച്ചുഗലും കുറച്ചധികം കഷ്ടപ്പെടേണ്ടി വരുമെന്ന് മാത്രം.
എന്തായാലും നമുക്ക് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ ഒന്ന് പരിശോധിക്കാം;
• BRAZIL vs CROATIA

ഏറ്റവും കൂടുതൽ ലോകകപ്പ് കിരീടങ്ങളിൽ മുത്തമിട്ടിട്ടുള്ള ടീം ആണ് ബ്രസീൽ(5). ഇത്തവണ ആറാം കിരീടം ലക്ഷ്യമിട്ട് കാനറിപ്പട ക്വാർട്ടർ ഫൈനലിൽ മാറ്റുരയ്ക്കാൻ ഇറങ്ങുമ്പോൾ എതിരാളികൾ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ ആണ്. സ്ക്വാഡ് ഡെപ്ത് പരിശോധിച്ചാൽ മുൻതൂക്കം ബ്രസീലിന് ഒപ്പമാണെങ്കിൽ പോലും ക്രൊയേഷ്യയെ എഴുതിതള്ളാൻ കഴിയുകയില്ല. യൂറോപ്യൻ ലീഗുകളിലെ പ്രഗത്ഭരായ ഒരുപിടി താരങ്ങൾ അവരുടെ പക്കലുമുണ്ട്. എല്ലാ കോംപെറ്റീഷനുകളിലുമായി ഇരുവരും തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ള അവസാന നാല് മത്സരങ്ങളിലും ബ്രസീൽ തോൽവി അറിഞ്ഞിട്ടില്ല. നാലര വർഷം മുമ്പാണ് ഇരുടീമുകളും തമ്മിൽ അവസാനം ഏറ്റുമുട്ടിയിട്ടുള്ളത്. കണക്കുകൾ ബ്രസീലിന് അനുകൂലമാണെങ്കിൽ പോലും കഴിഞ്ഞ ലോകകപ്പിൽ കയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട കിരീടം ഇത്തവണ തിരിച്ചുപിടിക്കാൻ ഉറച്ചാകും ലൂക്ക മോഡ്രിച്ചും സംഘവും കളത്തിലിറങ്ങുക. പ്രീക്വാർട്ടറിൽ ജപ്പാനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ക്രൊയേഷ്യ ക്വാർട്ടറിൽ പ്രവേശിച്ചതെങ്കിൽ സൗത്ത് കൊറിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തുകൊണ്ടാണ് കാനറികളുടെ വരവ്.
• ARGENTINA vs NETHERLANDS

2014ലെ ബ്രസീൽ ലോകകപ്പിൻ്റെ സെമിഫൈനലിലെ തനിയാവർത്തനമാണ് ഇത്തവണ ഖത്തറിലും കാണുവാൻ പോകുന്നത്. അന്ന് നെതർലൻഡ്സിനെ ഷൂട്ടൗട്ടിൽ മറികടന്നുകൊണ്ട് ആയിരുന്നു അർജൻ്റീന ഫൈനലിലിലേക്ക് കാലെടുത്തു വെച്ചത്. അന്നത്തെ തോൽവിക്ക് ഇന്ന് ഖത്തറിൽ പകരം ചോദിക്കാൻ ഉറച്ചാണ് ഓറഞ്ചുപടയുടെ വരവ്. ആദ്യ മത്സരത്തിൽ സൗദിയുടെ മുന്നിൽ മുട്ടുമടക്കിയ അർജൻ്റീന പിന്നീട് മെക്സിക്കോ, പോളണ്ട്, ഓസ്ട്രേലിയ എന്നിവരെ കീഴടക്കിക്കൊണ്ടാണ് ക്വാർട്ടറിൽ എത്തിയിരിക്കുന്നത്. സാക്ഷാൽ ലയണൽ മെസ്സിയുടെ സാന്നിദ്ധ്യം തന്നെയാണ് ടീമിനെ കരുത്തുറ്റതാക്കുന്നത്. ഇതുവരെ ടീം നേടിയ 7 ഗോളുകളിൽ 4 എണ്ണത്തിലും മെസ്സിയുടെ പങ്കാളിത്തമുണ്ടായിരുന്നു. ഗോൾഡൻ ബൂട്ട് റെയ്സിലും താരം 3 ഗോളുകളുമായി രണ്ടാമതുണ്ട്.

എന്തായാലും കോപ്പയും, ഫൈനലിസിമയും എല്ലാം വിജയിച്ചുകൊണ്ട് മിന്നും ഫോമിൽ നിൽക്കുന്ന ആൽബിസെലസ്റ്റിയൻസിന് 2014ൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട ലോകകപ്പ് എന്ന കനകകിരീടത്തിൽ മുത്തമിടുക എന്ന ഒരേയൊരു ലക്ഷ്യം മാത്രമാണ് ഉള്ളത്. അങ്ങനെ സംഭവിച്ചാൽ കാൽപന്ത് കളിയുടെ മിശിഹായ്ക്ക് കിട്ടാവുന്നതിൽ വെച്ചുള്ള ഏറ്റവും വലിയ അംഗീകാരമായിരിക്കും അത്. മറുവശത്ത് ഒരു മത്സരം പോലും പരാജയപ്പെടാതെ അപരാജിതരായിക്കൊണ്ടാണ് നെതർലൻഡ്സ് എത്തുന്നത്. പ്രീക്വാർട്ടറിൽ അമേരിക്കയെ തകർത്തുകൊണ്ടാണ് ലൂയിസ് വാൻ ഗാലും ശിഷ്യന്മാരും ക്വാർട്ടറിൽ കടന്നത്. യൂറോപ്പിലെ പേരെടുത്ത ഒരുപിടി മികച്ച താരങ്ങളുടെ സാന്നിധ്യം അവരെ കരുത്തുറ്റതാക്കുന്നു. മെസ്സിയുടെ നേതൃത്വത്തിലുള്ള അർജൻ്റൈൻ ആക്രമണത്തെ തടുത്ത് നിർത്താൻ വാൻ ഡെയ്ക്ക് നയിക്കുന്ന പ്രതിരോധ നിരയ്ക്ക് കഴിയുമെന്ന് തന്നെയാണ് അവരുടെ വിശ്വാസം. 2014 സെമിയിലെ തനിയാവർത്തനം തുടരുമോ അതോ അന്നത്തെ തോൽവിക്ക് ഇന്ന് ഖത്തറിൽ നെതർലൻഡ്സ് പകരം ചോദിക്കുമോ എന്നെല്ലാം നമുക്ക് കാത്തിരുന്നു കാണാം.
•PORTUGAL vs MOROCCO

എതിരാളികൾ മൊറോക്കോ ആയതുകൊണ്ട് പോർച്ചുഗലിന് കാര്യങ്ങൾ എളുപ്പമാണെന്ന് തോന്നിയേക്കാം. എന്നാൽ അത് അങ്ങനെയാകില്ല എന്ന് ബെൽജിയം, ക്രൊയേഷ്യ, സ്പെയിൻ എന്നീ ടീമുകളുടെ അനുഭവം കൊണ്ട് നമുക്ക് ഊഹിക്കാം. സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന അധികായൻ്റെ സാന്നിധ്യം കൊണ്ടാണ് പോർച്ചുഗൽ എന്ന ടീം ഇത്രയും ശ്രദ്ധയാകർഷിക്കുന്നത്. താരത്തിൻ്റെ അവസാന ലോകകപ്പ് ആണ് ഇതെന്ന കാരണം കൊണ്ടുതന്നെ കിരീടത്തിൽ കുറഞ്ഞതൊന്നും പറങ്കിപ്പട റൊണാൾഡോയ്ക്ക് നൽകാൻ ആഗ്രഹിക്കില്ല. രാജ്യത്തിന് വേണ്ടി ഇത്രയും സുവർണ നിമിഷങ്ങൾ സമ്മാനിച്ച താരത്തിന് അതല്ലാതെ എന്താണ് അവർക്ക് നൽകുവാൻ കഴിയുക. ഗ്രൂപ്പ് ഘട്ടത്തിൽ സൗത്ത് കൊറിയയുടെ മുന്നിൽ അടി തെറ്റിയെങ്കിലും ബാക്കിയുള്ള മത്സരങ്ങളിൽ മിന്നും പ്രകടനം തന്നെയാണ് സാൻ്റോസിൻ്റെ ശിഷ്യന്മാർ പുറത്തെടുത്തത്. ഇന്നലെ സ്വിറ്റ്സർലൻഡിനെതിരെയുള്ള പ്രീക്വാർട്ടർ മത്സരത്തിലെ 6-1 ൻ്റെ ആധികാരിക വിജയം മാത്രം മതിയാകും ടീമിൻ്റെ കരുത്ത് തെളിയിക്കാൻ.

കേവലം 2 മത്സരങ്ങൾക്കപ്പുറം ഫൈനൽ ആണെന്നിരിക്കെ കളത്തിൽ സർവ്വതും ത്യജിച്ചുകൊണ്ടുള്ള ജീവന്മരണ പോരാട്ടത്തിനാകും പറങ്കിപ്പട തയ്യാറെടുക്കുന്നത്. മറുവശത്ത് സ്വപ്നസമാനമായ കുതിപ്പ് ആണ് മൊറോക്കോ നടത്തിക്കൊണ്ടിരിക്കുന്നത്. ബെൽജിയം, സ്പെയിൻ എന്നിവർ മൊറോക്കോയുടെ തെരോട്ടത്തിൽ കാലിടറിയവരാണ്. ക്രൊയേഷ്യ ഒരു സമനില കൊണ്ട് രക്ഷപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് അവർ ക്വാർട്ടറിൽ കടക്കുന്നത്. അതുകൊണ്ടുതന്നെ ഈ വരവ് അങ്ങനെ ചുമ്മാ പോകാനുള്ളതല്ല എന്ന് തെളിയിക്കേണ്ട ഉത്തരവാധിത്വം അവർക്കുണ്ട്. ഹക്കിം സയക്കിൻ്റെ നേതൃത്വത്തിലുള്ള മൊറോക്കൻ പോരാട്ടത്തെ പോർച്ചുഗൽ എങ്ങനെ മറികടക്കുമെന്ന് കണ്ടുതന്നെ അറിയണം.
•FRANCE vs ENGLAND

ക്വാർട്ടറിലെ ഏറ്റവും കടുപ്പമേറിയ പോരാട്ടം എന്ന് നിസംശയം പറയാം. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് കിരീടം നിലനിർത്തുക എന്നത് മാത്രമാണ് ലക്ഷ്യം. കിലിയാൻ എമ്പാപ്പെയുടെ അപാരഫോമാണ് അവരെ അപകടകാരികൾ ആക്കുന്നത്. 2018ലെ തനിയാവർത്തനം ഖത്തറിലും തുടർന്നാൽ അത്ഭുതപ്പെടാനില്ല. എന്നാൽ അപരാജിതരായിക്കൊണ്ട് ക്വാർട്ടർ വരെയെത്തി നിൽക്കുന്ന ഇംഗ്ലണ്ടിനെ ഫ്രാൻസ് ഭയപ്പെടുകതന്നെ വേണം. ബുണ്ടെസ് ലീഗയിലെ താരമായ ബെല്ലിങ്ഹാമൊഴികെ ടീമിലെ ബാക്കിയുള്ള താരങ്ങൾ എല്ലാവരും തന്നെ പ്രീമിയർ ലീഗിൽ പയറ്റിത്തെളിഞ്ഞവരാണ്. ഫ്രാൻസിന് ഒത്ത എതിരാളികൾ എന്നുതന്നെ പറയാം. എമ്പാപ്പെ, ഗ്രീസ്മാൻ, ജിറൗഡ് എന്നിവർ മുന്നിൽ നിന്നു നയിക്കുന്ന ഫ്രഞ്ച് ആക്രമണത്തെ കെയ്ൻ, സാക്ക, റാഷ്ഫോർഡ് തുടങ്ങിയവർ നയിക്കുന്ന മൂർച്ചയുള്ള മറുആക്രമണത്തിലൂടയാകും ഇംഗ്ലണ്ട് മറുപടി നൽകുക. എന്തായാലും തീപാറുന്നൊരു പോരാട്ടം തന്നെ നമുക്ക് കാണുവാൻ കഴിയുമെന്ന് ഉറപ്പാണ്.
ഇത്രയുമാണ് ഖത്തറിനെ പ്രകമ്പനം കൊള്ളിക്കാൻ ഒരുങ്ങുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ.

ബ്രസീൽ-ക്രൊയേഷ്യ മത്സരത്തിലെ വിജയികൾ അർജൻ്റീന-നെതർലൻഡ്സ് മത്സര വിജയികളെ സെമിഫൈനലിൽ നേരിടും. മറുവശത്ത് പോർച്ചുഗൽ-മൊറോക്കോ മത്സരത്തിലെ വിജയികൾ ഫ്രാൻസ്-ഇംഗ്ലണ്ട് മത്സര വിജയികളെയാകും സെമിയിൽ നേരിടുക. എന്തായാലും ഇനിയാണ് പൂരം. ഓരോ നിമിഷവും ആരാധകരെ ആവേശവും ഒപ്പം ടെൻഷനും അടുപ്പിക്കുന്ന തില്ലർ പോരാട്ടങ്ങൾ ആകും വരും ദിവസങ്ങളിൽ ഖത്തറിൽ അരങ്ങേറാൻ ഒരുങ്ങുന്നത്. എന്തായാലും നമുക്ക് കാത്തിരുന്നു കാണാം.