റാമോസിന് ഹാട്രിക്; സ്വിറ്റ്സർലൻഡിനെ ഗോൾമഴയിൽ ആറാടിച്ച് പോർച്ചുഗൽ.!
ഖത്തർ ലോകകപ്പിലെ ആദ്യഹാട്രിക് ഗോൾ പിറന്ന മത്സരത്തിൽ സ്വിറ്റ്സർലൻഡിനെ ഗോൾമഴയിൽ ആറാടിച്ച് പോർച്ചുഗൽ. ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന അവസാന പ്രീക്വാർട്ടർ മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ഫെർണാണ്ടോ സാൻ്റോസിൻ്റെയും സംഘത്തിൻ്റെയും വിജയം. ഹാട്രിക് ഗോളുകളും, ഒരു അസിസ്റ്റും ഉൾപ്പെടെ നാല് ഗോളുകളിൽ പങ്കാളിത്തം നേടിയ ഗോൺസാലോ റാമോസാണ് പോർച്ചുഗലിന് ഇങ്ങനെയൊരു വമ്പൻ വിജയം സമ്മാനിച്ചത്. സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തിയാണ് സാൻ്റോസ് ടീമിനെ ഇറക്കിയത്.
അത് ആരാധകരുടെ നെറ്റി ചുളിക്കിയെങ്കിലും പകരമെത്തിയ റാമോസ് സാൻ്റൊസിൻ്റെ തീരുമാനം ശെരിവെയ്ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിൻ്റെ 17ആം മിനിറ്റിലാണ് പറങ്കിപ്പടയുടെ ആദ്യ ഗോൾപിറക്കുന്നത്. ഫെലിക്സിൻ്റെ പാസ്സ് സ്വീകരിച്ച് പോസ്റ്റിന് സൈഡിൽ നിന്നും റാമോസ് ഉതിർത്ത വെടിയുണ്ട കണക്കിന് ഉള്ള ഷോട്ട് സോമറിനെ മറികടന്ന് വലയിൽ പതിച്ചു. തുടർന്ന് 33ആം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിൻ്റെ കോർണറിൽ നിന്നും പ്രതിരോധതാരം പെപ്പെയാണ് ഒരു കിടിലൻ ഹെഡ്ഡറിലൂടെ പോർച്ചുഗലിൻ്റെ ലീഡ് ഇരട്ടിപ്പിച്ചത്. അതോടെ 2-0 എന്ന നിലയിൽ ആദ്യ പകുതിക്ക് വിരാമമായി. ശേഷം രണ്ടാം പകുതിയിൽ 51ആം മിനിറ്റിൽ തന്നെ റാമോസിൻ്റെ കാലുകളിൽ നിന്നും വീണ്ടും ഗോൾ വീണു.
ഡാലോട്ടിൻ്റെ ക്രോസ്സ് ആയിരുന്നു ഈയൊരു ഗോളിന് വഴി വെച്ചത്. വെറും 4 മിനിട്ടിൻ്റെ ഇടവേളയിൽ റാമോസിൻ്റെ പാസിൽ നിന്നും വിങ് ബാക്ക് താരം റാഫേൽ ഗുരേരോയും സ്കോർ ചെയ്തതോടെ ഗോൾനില 4-0 എന്ന നിലയിലായി. തുടർന്ന് 58ആം മിനിറ്റിൽ മാനുവേൽ അക്കാഞ്ഞിയിലൂടെ സ്വിറ്റ്സർലൻഡ് ഒരു ഗോൾ മടക്കി. കോർണറിൽ നിന്നും ഒരു ഫ്ളിക്കിലൂടെയാണ് താരം സ്കോർ ചെയ്തത്. എന്നാലത് വെറുമൊരു താത്കാലിക ആശ്വാസം മാത്രമായിരുന്നു. 67ആം മിനിറ്റിൽ റാമോസ് തൻ്റെ ഹാട്രിക് ഗോൾ നേട്ടം പൂർത്തിയാക്കി. ഫെലിക്സ് ആയിരുന്നു ഈയൊരു ഗോളിന് വഴിയൊരുക്കിയത്.
ഇതോടെ ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് സ്വന്തം പേരിൽ കുറിക്കാൻ താരത്തിനായി. ആദ്യ ഇലവനിൽ ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ ഇങ്ങനൊരു നേട്ടം എന്നത് അതിൻ്റെ മാറ്റ് കൂട്ടുന്നു. ശേഷം 83ആം മിനിറ്റിൽ സബ് ആയി കളത്തിലിറങ്ങിയ റൊണാൾഡോ സ്കോർ ചെയ്തെങ്കിലും ഓഫ്സൈഡ് ആയതിനാൽ ഗോൾ അനുവദിക്കപ്പെട്ടില്ല. ഒടുവിൽ ഇഞ്ചുറി ടൈമിൻ്റെ തുടക്കത്തിൽ റാഫേൽ ലിയാവോ കൂടി വലകലുക്കിയതോടെ പോർച്ചുഗലിൻ്റെ പട്ടിക പൂർത്തിയായി. ഗുരേരോ ആയിരുന്നു ഈയൊരു ഗോളിന് പങ്കാളിയായത്. അധികം വൈകാതെ തന്നെ മത്സരത്തിന് അവസാന വിസിൽ മുഴങ്ങി.
അങ്ങനെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് സ്വിറ്റ്സർലൻഡിനെ നിലംപരിശാക്കിക്കൊണ്ട് ആധികാരികമായി പറങ്കിപ്പട നോക്കൗട്ടിലേക്ക് പ്രവേശിച്ചു. സ്പെയിനെ കീഴടക്കിയ മൊറോക്കോയാണ് ക്വാർട്ടറിൽ പോർച്ചുഗലിൻ്റെ എതിരാളികൾ. എന്തായാലും ഈയൊരു തകർപ്പൻ വിജയം വരുന്ന ക്വാർട്ടർ മത്സരത്തിലെ പ്രകടനത്തിന് ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. റൊണാൾഡോയ്ക്ക് പകരം ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചുകൊണ്ട് റാമോസ് ഹാട്രിക് നേടിയതോടെ അടുത്ത മത്സരത്തിലും താരം ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന് ഉറപ്പായി. റൊണാൾഡോ അടുത്ത മത്സരത്തിലും സബ്സ്റ്റിറ്റ്യൂട്ട് ആയി തന്നെ കളത്തിലിറങ്ങാനാണ് സാധ്യതകൾ.
എന്തായാലും ഇങ്ങനൊരു തുടക്കം ലഭിച്ചതിൽ ഗോൺസാലോ റാമോസിന് അഭിമാനിക്കാം. ഒപ്പം പോർച്ചുഗലിന് ഇനിയും ഒരുപാട് പ്രതീക്ഷിക്കാം.