അവസാന എട്ടിലേക്ക് കടക്കാൻ പറങ്കിപ്പട; എതിരാളികൾ സ്വിറ്റ്സർലൻഡ്.!
ഖത്തർ ലോകകപ്പിലെ അവസാന പ്രീക്വാർട്ടർ പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടും. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാന ലോകകപ്പ് ആയതുകൊണ്ട് തന്നെ വിജയത്തിനായി സർവ്വതും ത്യജിക്കാൻ തയ്യാറായിട്ടാകും പോർച്ചുഗൽ കളത്തിലിറങ്ങുക. ഗ്രൂപ്പ് എച്ചിൽ നിന്നും ഒന്നാം സ്ഥാനക്കാരായിക്കൊണ്ടാണ് പറങ്കിപ്പട പ്രീക്വാർട്ടറിൽ കടന്നത്. എന്നിരുന്നാലും അവസാന മത്സരത്തിൽ താരതമ്യേന ദുർബലരായ സൗത്ത് കൊറിയയോട് അവർ പരാജയം ഏറ്റുവാങ്ങിയിരുന്നു. അതിൻ്റെ ക്ഷീണം ഇന്നത്തെ മത്സരത്തിലും അവർ പ്രകടിപ്പിച്ചാൽ ഒരുപക്ഷേ അത് വലിയൊരു വെല്ലുവിളി ആയേക്കാം. കാരണം എതിരാളികൾ അത്ര നിസാരക്കാരല്ല.
ഗ്രൂപ്പ് ജിയിൽ നിന്നും ബ്രസീലിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടർ യോഗ്യത നേടിയത്. വമ്പന്മാരായ ബ്രസീലിനോട് ഏകപക്ഷീയമായ ഒരു ഗോളിന് കീഴടങ്ങിയത് ഒഴിച്ചാൽ ബാക്കിയുള്ള 2 മത്സരങ്ങളിലും വിജയം സ്വന്തമാക്കാൻ അവർക്ക് സാധിച്ചിരുന്നു. ഷക്കീരി, ഷാക്ക, എമ്പോളോ, ഫ്രോളർ, അക്കാഞ്ഞി, സോമർ, റോഡ്രിഗസ് തുടങ്ങിയ ഒരുപിടി മികച്ച താരങ്ങൾ സ്വിസ് നിരയിലുണ്ട്. അതുകൊണ്ടുതന്നെ പോർച്ചുഗലിന് വലിയ വെല്ലുവിളി ഉയർത്താൻ അവർക്ക് കഴിയുമെന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല.
അതേസമയം റൊണാൾഡോ, ബ്രൂണോ, ബെർണാഡോ സിൽവ, ഫെലിക്സ്, കാൻസെലോ, റൂബൻ ഡയസ്, പെപ്പെ, ഡാനിലോ പെരേര, ലിയാവോ, ഡാലോട്ട്, വിറ്റീഞ്ഞ തുടങ്ങിയ വമ്പൻ താരനിരയുമായി എത്തുന്ന പോർച്ചുഗലിന് തങ്ങളുടെ പകിട്ടിനൊത്ത പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞാൽ അവർക്ക് സ്വിറ്റ്സർലൻഡിനെ അനായാസം കീഴടക്കാൻ കഴിയും. മൊറോക്കോ-സ്പെയിൻ മത്സരത്തിലെ വിജയികളെയാകും ഇന്നത്തെ മത്സരത്തിലെ വിജയികൾ ക്വാർട്ടർ ഫൈനലിൽ നേരിടുക. എന്തായാലും നമുക്ക് കാത്തിരുന്നു കാണാം.