ക്വാർട്ടർ ലക്ഷ്യം വെച്ച് സ്പെയിനും, മൊറോക്കോയും ഇന്ന് നേർക്കുനേർ.!
ക്വാർട്ടർ ഫൈനൽ എന്ന സ്വപ്നവുമായി ഇന്ന് മൊറോക്കോ കളത്തിലിറങ്ങുമ്പോൾ എതിരാളികൾ യൂറോപ്യൻ വമ്പന്മാരായ സ്പെയിനാണ്. ബെൽജിയം, ക്രൊയേഷ്യ തുടങ്ങിയ വമ്പന്മാർ ഉൾപ്പെട്ട ഗ്രൂപ്പ് എഫിൽ നിന്നും ഒന്നാം സ്ഥാനക്കാരായാണ് മൊറോക്കോ പ്രീക്വാർട്ടറിൽ കടന്നത്. അതേസമയം, ജപ്പാന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് സ്പെയിൻ നോക്കൗട്ടിൽ എത്തിയത്. ഇന്ത്യൻ സമയം രാത്രി 8.30ന് എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. പന്തടക്കത്തിലുള്ള കനത്ത മേധാവിത്വമാണ് സ്പെയിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാകുന്നത്.
എന്നിരുന്നാലും അവസാന മത്സരത്തിൽ അവർ ജപ്പാനോട് പരാജയപ്പെട്ടിരുന്നു. ഇന്ന് ജപ്പാനേക്കാൾ കരുത്തരായ മൊറോക്കോ എതിരാളികളായി എത്തുമ്പോൾ ഒന്ന് കരുതിയാവും ലൂയിസ് എൻറിക്വെയും സംഘവും മത്സരത്തെ സമീപിക്കുക. മറുവശത്ത് ഗ്രൂപ്പ് ഘട്ടത്തിൽ പരാജയം അറിയാതെയാണ് മൊറോക്കോയുടെ വരവ്. കരുത്തരായ ബെൽജിയത്തെ പരാജയപ്പെടുത്താനും, ക്രൊയേഷ്യയെ സമനിലയിൽ കുരുക്കാനും അവർക്ക് സാധിച്ചിരുന്നു. അതിൻ്റെ ആത്മവിശ്വാസത്തിലാണ് അവർ ഇന്ന് സ്പെയിനെ നേരിടാൻ ഒരുങ്ങുന്നത്. ഹക്കിം സയക്ക്, എൻ നസിരി, അഷ്റഫ് ഹക്കിമി, നൗസ്സൈർ മസ്റോയി തുടങ്ങിയ താരങ്ങളിലാണ് മൊറോക്കൻ പ്രതീക്ഷകൾ.
പ്രതിഭാ ധാരാളിത്തം കൊണ്ട് കരുത്തരായ സ്പെയിനെ അവർ എങ്ങനെ തടുത്ത് നിർത്തുമെന്ന് കണ്ടുതന്നെ അറിയണം. പോർച്ചുഗൽ-സ്വിറ്റ്സർലൻഡ് മത്സരത്തിലെ വിജയികളെയാകും ഇന്നത്തെ മത്സരത്തിലെ വിജയികൾ ക്വാർട്ടർ ഫൈനലിൽ നേരിടുക. എന്തായാലും നമുക്ക് കാത്തിരുന്നു കാണാം.