ആദ്യ പ്രീക്വാർട്ടർ പോരാട്ടത്തിൽ നെതർലൻഡ്സ് ഇന്ന് യു.എസ്.എയെ നേരിടും.!
ലോകകപ്പിലെ ഗ്രൂപ് ഘട്ട മത്സരങ്ങൾ എല്ലാം ഇന്നലെ അവസാനിച്ചിരുന്നു. ഇന്ന് മുതൽ പ്രീക്വാർട്ടർ മത്സരങ്ങൾ ആണ് അരങ്ങേറുന്നത്. ആദ്യ പ്രീക്വാർട്ടറിൽ എ ഗ്രൂപ്പ് ചാമ്പ്യൻസ് ആയ നെതർലൻഡ്സ് ബി ഗ്രൂപ്പ് റണ്ണേഴ്സ് അപ്പായ യു.എസ്.എയെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30ന് ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം നടക്കുക. വിജയിക്കുന്നവർ ക്വാർട്ടർ ഫൈനലിലേക്ക് കടക്കുകയും പരാജയപ്പെടുന്നവർ പുറത്താകുകയും ചെയ്യുന്നതിനാൽ അതിവാശിയേറിയ പോരാട്ടം തന്നെയാകും അരങ്ങേറാൻ പോകുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഓറഞ്ചുപട എത്തുന്നത്. 2 മത്സരങ്ങൾ വിജയിച്ചപ്പോൾ ഇക്വഡോറിനെതിരെ സമനില വഴങ്ങി. മിന്നുന്ന ഫോമിലുള്ള സ്ട്രൈക്കർ കോഡി ഗാക്പോയാണ് അവരുടെ തുറുപ്പ് ചീട്ട്.
കൂടാതെ ഡിപേയ്, ഡിയോങ്, വാൻ ഡെയ്ക്ക്, ഡിലിറ്റ്, ഡുംഫ്രൈസ്, ബ്ലൈൻഡ്, ക്ലാസൻ, ആകെ, ഡിവ്രിജ് തുടങ്ങിയ പ്രഗത്ഭരായ ഒട്ടേറെ താരങ്ങൾ ടീമിൽ ഉള്ളത് നെതർലൻഡ്സിന് മുൻതൂക്കം നൽകുന്ന കാര്യമാണ്. മറുവശത്ത് ബി ഗ്രൂപ്പിൽ നിന്നും ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാം സ്ഥാനക്കാരയാണ് യു.എസ്.എയുടെ വരവ്. അവരും തോൽവി അറിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. വമ്പന്മാരായ ഇംഗ്ലണ്ടിനെ സമനിലയിൽ തളക്കുവാൻ യു.എസിന് സാധിച്ചിരുന്നു. മൂർച്ചയുള്ള പ്രത്യാക്രമണങ്ങൾ അവരുടെ കരുത്ത് വർദ്ധിപ്പിക്കുന്നു.
ക്യാപ്റ്റൻ പുലിസിച്ച്, മക്കെന്നി, ആദംസ്, ഡെസ്റ്റ് തുടങ്ങിയ യൂറോപ്യൻ ലീഗിൽ കഴിവ് തെളിയിച്ചിട്ടുള്ള താരങ്ങൾ അവിടെയുമുണ്ട്. അതുകൊണ്ടുതന്നെ നെതർലൻഡ്സിന് കാര്യങ്ങൾ ഒട്ടും എളുപ്പമാകില്ല. എന്തായാലും ആരാകും ആദ്യ ക്വാർട്ടർ ഫൈനലിസ്റ്റ് എന്നറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.