അടി.. തിരിച്ചടി; ഒടുവിൽ സെർബിയയെ കീഴടക്കി സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടറിൽ.!
ഗ്രൂപ്പ് എച്ചിൽ നടന്ന പ്രീക്വാർട്ടർ നിർണയപോരാട്ടത്തിൽ സെർബിയയെ കീഴടക്കി സ്വിറ്റ്സർലൻഡ്. 974 സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്വിസ്പട വിജയം സ്വന്തമാക്കിയത്. കിക്കോഫ് ആയി ഉടൻ തന്നെ സ്വിറ്റ്സർലൻഡിന് ഗോളവസരം ലഭിച്ചെങ്കിലും തുടരെ 3 ഷോട്ടുകൾ പായിച്ചിട്ടും സെർബിയൻ മതിൽ മറികടക്കാൻ അവർക്ക് കഴിഞ്ഞില്ല. എന്നാൽ 20ആം മിനിറ്റിലെ ഷക്കീരിയുടെ ഗോളിൽ സ്വിസ് ടീം തന്നെ ആദ്യ ലീഡ് സ്വന്തമാക്കി. സോ ആയിരുന്നു ഈയൊരു ഗോളിന് വഴിയൊരുക്കിയത്.
പക്ഷേ അധികനേരം ഈയൊരു ലീഡ് കയ്യടക്കി വെക്കാൻ അവർക്ക് കഴിഞ്ഞില്ല. 26ആം മിനിറ്റിൽ തന്നെ സെർബിയ തിരിച്ചടിച്ചു. റ്റാഡിച്ച് ബോക്സിലേക്ക് നീട്ടി നൽകിയ പാസിൽ നിന്നും ഒരു മികച്ച ഹെഡ്ഡറിലൂടെ മിത്രോവിച്ചാണ് വലകുലുക്കിയത്. സ്കോർ 1-1. ശേഷം പുരോഗമിച്ച മത്സരത്തിൽ 35ആം മിനിറ്റിൽ വ്ലഹോവിച്ച് സെർബിയയ്ക്കായി ലീഡ് സ്വന്തമാക്കി. ഇതിൻ്റെ പിന്നിലും റ്റാഡിച്ച് തന്നെയായിരുന്നു.
എന്നാൽ സെർബിയക്കും ആശ്വസിക്കാനുള്ള വക ഉണ്ടായിരുന്നില്ല. ഇടവേളക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് എമ്പോളോയിലൂടെ സ്വിറ്റ്സർലൻഡ് ഒപ്പമെത്തി. വിഡ്മർ നൽകിയ പാസിൽ നിന്നുമാണ് എമ്പോളോ വലകുലുക്കിയത്. അതോടെ 2-2 എന്ന നിലയിൽ ആദ്യപകുതി അവസാനിച്ചു. തുടർന്ന് രണ്ടാം പകുതിയി ആരംഭിച്ച് 48ആം മിനിറ്റിൽ തന്നെ സെർബിയയെ ഞെട്ടിച്ചുകൊണ്ട് സ്വിസ് പട വീണ്ടും ലീഡ് നേടി. വർഗാസിൻ്റെ പാസിൽ നിന്നും ഒരു മികച്ച ഫിനിഷിലൂടെ ഫ്രോളറാണ് സ്കോർ ചെയ്തത്. അതോടെ മത്സരം വീണ്ടും സ്വിസ് ടീമിൻ്റെ കൈകളിലായി. ശേഷിച്ച സമയം ഗോൾ മടക്കുവാനുള്ള അവസരങ്ങൾ സെർബിയയ്ക്ക് ലഭിച്ചിരുന്നെങ്കിലും അവരുടെ പോരാട്ടം രണ്ട് ഗോളിൽ തന്നെയൊതുങ്ങി. കൂടുതൽ ഗോളുകൾ നേടാൻ സ്വിറ്റ്സർലൻഡിനും കഴിയുമായിരുന്നു. എന്നാൽ ഫിനിഷിങ്ങിലെ പോരായ്മയാണ് അവർക്ക് വിലങ്ങുതടിയായത്. ഒടുവിൽ നിശ്ചിത സമയം അവസാനിച്ചപ്പോൾ രണ്ടിനെതിരെ മൂന്ന് ഗോളുകൾ നേടിക്കൊണ്ട് സ്വിറ്റ്സർലൻഡ് വിജയം സ്വന്തമാക്കുകയായിരുന്നു.
ഈയൊരു വിജയത്തോടെ പ്രീക്വാർട്ടർ സ്ഥാനം സ്വന്തമാക്കാനും സ്വിസ് ടീമിന് കഴിഞ്ഞു. 3 മത്സരങ്ങളിൽ നിന്നും 6 പോയിൻ്റുമായി രണ്ടാം സ്ഥാനക്കാരായാണ് അവർ പ്രീക്വാർട്ടറിൽ കടന്നത്. ബ്രസീലിനും അത്രതന്നെ പോയിൻ്റ് ആണെങ്കിലും ഗോൾ വ്യത്യാസം അവർക്ക് അനുകൂലമാകുകയായിരുന്നു. ഗ്രൂപ്പ് എച്ചിലെ ഒന്നാം സ്ഥാനക്കാരായ പോർച്ചുഗലുമായാണ് സ്വിറ്റ്സർലൻഡിൻ്റെ നോക്കൗട്ട് മത്സരം. പരാജയം ഏറ്റുവാങ്ങിയ സെർബിയ ലോകകപ്പിൽ നിന്നും പുറത്തായി. 3 മത്സരങ്ങളിൽ നിന്നും കേവലം ഒരു പോയിൻ്റ് മാത്രമാണ് അവർക്ക് നേടാനായത്.