അടി തെറ്റിയാൽ ആനയും വീഴും; അവസാന പോരാട്ടത്തിൽ ബ്രസീലിനെ കീഴടക്കി കാമറൂൺ.!
അങ്ങനെ സ്ക്വാഡ് സ്ട്രെങ്തിൻ്റെ വമ്പുമായെത്തിയ ബ്രസീലും ഒടുവിൽ തോൽവി വഴങ്ങിയിരിക്കുകയാണ്. ഗ്രൂപ്പ് ജിയിൽ കാമറൂണുമായി നടന്ന അവസാന റൗണ്ട് പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് കാനറിപ്പട അടിതെറ്റി വീണത്. മത്സരത്തിൽ ബെഞ്ച് സ്ട്രെങ്ത് പരീക്ഷിക്കാൻ ടിറ്റെ ശ്രമിച്ചപ്പോൾ ഇങ്ങനൊരു തിരിച്ചടി പ്രതീക്ഷിച്ചു കാണില്ല. കാരണം ബെഞ്ചിലെ താരങ്ങൾ ആണെങ്കിലും ഡാനി ആൽവെസ് ഒഴികെ ടീമിൽ അണിനിരന്ന 10 പേരും യൂറോപ്പിലെ വമ്പൻ ടീമിൽ കളിക്കുന്ന താരങ്ങൾ. ഡാനി ഏത് ടീമിൽ ആണെങ്കിലും അയാളെ അറിയാത്ത ആരും ഇല്ലല്ലോ. പക്ഷേ വമ്പൻ പേരുമായി എത്തിയ ബ്രസീലിനെ ഇഞ്ചുറി ടൈമിലെ വിൻസെൻ്റ് അബൂബക്കറിൻ്റെ തകർപ്പൻ ഗോളിൽ കാമറൂൺ മുട്ടുകുത്തിക്കുകയായിരുന്നു.
ബ്രസീൽ ആക്രമണത്തിൽ നിന്നും പിടിച്ചെടുത്ത പന്തുമായി ഒരു കൗണ്ടർ അറ്റാക്കിനായി ങ്ങോം എമ്പേകേലി വലത് പാർശ്വത്തിലൂടെ റൺ നടത്തി. തുടർന്ന് താരം നൽകിയ മികച്ചൊരു ക്രോസ് അതിലും മികച്ചൊരു ഹെഡ്ഡറിലൂടെ വിൻസെൻ്റ് അബൂബക്കർ ഗോളാക്കി മാറ്റുകയായിരുന്നു. ബ്രമർ, മിലിറ്റാവോ എന്നിവർ അബൂബക്കറിൻ്റെ വലതും ഇടതുമായി ഉണ്ടായിരുന്നെങ്കിലും താരത്തെ മാർക്ക് ചെയ്യാൻ ഇരുവർക്കും കഴിഞ്ഞില്ല. ഗോൾകീപ്പർ എഡേർസണ് വെറും കാഴ്ചക്കാരനായി നിൽക്കുവാൻ മാത്രമേ കഴിഞ്ഞുള്ളൂ. തുടർന്ന് ജേഴ്സി ഊരി ഗോൾ ആഘോഷിച്ച അബൂബക്കർ രണ്ടാം മഞ്ഞ കാർഡിലൂടെ ചുവപ്പ് കാർഡ് കണ്ട് പുറത്തു പോകുകയും ചെയ്തു.
മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയത് ബ്രസീൽ തന്നെയായിരുന്നു. എന്നാൽ ലഭിച്ച അവസരങ്ങൾ ഒന്നും ഫിനിഷിങ്ങിലെ പോരായ്മകൾ കൊണ്ടും നിർഭാഗ്യം കൊണ്ടും ഗോളിലേക്ക് വഴിതിരിച്ചു വിടാൻ അവർക്ക് കഴിഞ്ഞില്ല. ആഴ്സനൽ താരം ഗബ്രിയേൽ മാർട്ടിനെല്ലിയുടേത് ശ്രദ്ധേയമായ പ്രകടനമായിരുന്നു. 7 ഓൺ ടാർഗറ്റ് ഷോട്ട് അടിച്ചെങ്കിലും ഒന്നു പോലും ഗോളാക്കി മാറ്റാൻ കാനറികൾക്ക് കഴിഞ്ഞില്ല. മറുവശത്ത് കാമറൂണിനും മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ എഡേർസണിൻ്റെ കൃത്യതയാർന്ന സേവ് ബ്രസീലിനെ രക്ഷിച്ചു. ഒടുവിൽ ഇഞ്ചുറി ടൈം ഗോളിൽ ബ്രസീൽ കാമറൂണിന് മുന്നിൽ അടിയറവ് പറയുകയായിരുന്നു. അട്ടിമറികളുടെ ഒരു പരമ്പര തന്നെയാണ് ഖത്തറിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
മത്സരം പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ ബ്രസീൽ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പ് എച്ചിലെ രണ്ടാം സ്ഥാനക്കാരായ സൗത്ത് കൊറിയ ആണ് നോക്കൗട്ട് റൗണ്ടിൽ കാനറിപ്പടയുടെ എതിരാളികൾ. മത്സരം വിജയിച്ചെങ്കിലും പ്രീക്വാർട്ടർ സ്വപ്നം പൂവണിയിക്കാൻ കാമറൂണിന് സാധിച്ചില്ല. 3 മത്സരങ്ങളിൽ നിന്നും 4 പോയിൻ്റുമായി മൂന്നാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്.