ഗ്രൂപ്പ് ചാമ്പ്യന്മാരാവാൻ സ്പെയിൻ; പ്രതീക്ഷ കൈവിടാതെ ജപ്പാനും.!
ഗ്രൂപ്പ് ഇയിൽ ഇന്ന് യൂറോപ്യൻ വമ്പന്മാരായ സ്പെയിൻ, ഏഷ്യൻ പുലികളായ ജപ്പാനെ നേരിടും. പുലികൾ എന്നത് ജപ്പാന് യോജിക്കുന്ന വിശേഷണം തന്നെയാണ്. കാരണം, ആദ്യ മത്സരത്തിൽ കരുത്തരായ ജർമനിയെ പരാജയപ്പെടുത്തുവാൻ അവർക്ക് സാധിച്ചിരുന്നു. അതേ മികവ് ഇന്നും പുറത്തെടുക്കാൻ കഴിഞ്ഞാൽ അവർക്ക് പ്രീക്വാർട്ടർ പ്രവേശനം അസാധ്യമല്ല. ഇന്ന് സ്പെയിനെ അട്ടിമറിക്കാൻ സാധിച്ചാൽ അവർക്ക് ഗ്രൂപ്പ് ചാമ്പ്യന്മാർ ആകുവാൻ സാധിക്കും. മത്സരം സമനില ആയാലും നേരിയ സാധ്യതകൾ അവർക്ക് അവശേഷിക്കും.
കോസ്റ്റാറിക്കയോട് ജർമനി ഒന്നിൽ കൂടുതൽ ഗോളുകൾക്ക് വിജയിക്കാതിരിക്കുകയോ, അല്ലെങ്കിൽ സമനിലയോ തോൽവിയോ വഴങ്ങുകയോ ചെയ്താൽ മാത്രം മതിയാകും അവർക്ക് നോക്കൗട്ട് ഉറപ്പിക്കാൻ. മറിച്ച് സ്പെയിനോട് പരാജയപ്പെട്ടാൽ അവർ ലോകകപ്പിൽ നിന്നും പുറത്താവും. മറുവശത്ത് വലിയ തലവേദനകളൊന്നും തന്നെ ഇല്ലാതെയാണ് സ്പെയിൻ ഇറങ്ങുന്നത്. ഈ മത്സരത്തിൽ ജപ്പാനോട് തോൽക്കുകയും, ജർമനി കോസ്റ്റാറിക്കയോട് കീഴടങ്ങുകയും ചെയ്താൽ മാത്രമേ സ്പെയിന് ഭയപ്പെടേണ്ടതുള്ളു. അല്ലെങ്കിൽ ജപ്പാനോട് തോൽക്കുകയും ജർമനി ആറോ ഏഴോ ഗോളുകൾക്ക് കോസ്റ്റാറിക്കയെ കീഴടക്കുകയും വേണം സ്പെയിൻ്റെ വാതിലുകൾ അടയാൻ. അല്ലാത്തപക്ഷം ഒരു സമനില മാത്രം മതിയാകും സ്പാനിഷ് പടയ്ക്ക് നോക്കൗട്ട് ഉറപ്പിക്കുവാനായി.
എന്തായാലും ഒരു മികച്ച വിജയത്തിലൂടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോകൗട്ടിലേക്ക് മാർച്ച് ചെയ്യുവാനാകും എൻറിക്വെയും സംഘവും ശ്രമിക്കുക. നിലവിൽ 2 മത്സരങ്ങളിൽ നിന്നും 4 പോയിൻ്റോടെ അവർ ഒന്നാം സ്ഥാനത്ത് തന്നെയുണ്ട്. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല എങ്കിൽ സ്പെയിൻ പ്രീക്വാർട്ടറിൽ ഉണ്ടാകുമെന്നുള്ള കാര്യത്തിൽ സംശയമൊന്നുമില്ല. എന്തായാലും നമുക്ക് കാത്തിരുന്നു കാണാം.