ഒന്നാം സ്ഥാനം ലക്ഷ്യം വെച്ച് മൊറോക്കോ; ആശ്വാസ വിജയത്തിനായി കാനഡ.!
ലോകകപ്പിലെ ഗ്രൂപ്പ് എഫിൽ നടക്കുന്ന അവസാന റൗണ്ട് പോരാട്ടത്തിൽ മൊറോക്കോ ഇന്ന് കാനഡയെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30ന് അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. 36 വർഷങ്ങൾക്ക് ശേഷമായിരുന്നു കാനഡ ലോകകപ്പിലേക്ക് യോഗ്യത നേടിയത്. എന്നാൽ നിരാശ മാത്രം സമ്മാനിച്ചാണ് ഖത്തർ ലോകകപ്പ് അവർക്ക് മുന്നിലൂടെ കടന്നു പോകുന്നത്. ആദ്യ മത്സരത്തിൽ ബെൽജിയത്തെ വിറപ്പിച്ചതിനു ശേഷം കീഴടങ്ങുകയും രണ്ടാം മത്സരത്തിൽ ക്രൊയേഷ്യയോട് ദയനീയ തോൽവി ഏറ്റുവാങ്ങുകയും ചെയ്തുകൊണ്ട് 0 പോയിൻ്റുമായി ടേബിളിൽ അവസാന സ്ഥാനത്താണ് അവരുടെ സ്ഥാനം.
ഇന്നൊരു ആശ്വാസ വിജയം മാത്രമായിരിക്കും കനേഡിയൻസിൻ്റെ ലക്ഷ്യം. മറുവശത്ത് 2 മത്സരങ്ങളിൽ നിന്നും 4 പോയിൻ്റുമായി ടേബിളിൽ രണ്ടാം സ്ഥാനത്താണ് മൊറോക്കോ ഉള്ളത്. അതുകൊണ്ടുതന്നെ ഇന്ന് വിജയിക്കാൻ സാധിച്ചാൽ ഗ്രൂപ്പ് ചാമ്പ്യന്മാർ ആകുവാൻ വരെ അവർക്ക് കഴിഞ്ഞേക്കും. സമനില ആണ് ഫലമെങ്കിലും അവർക്ക് നോക്കൗട്ട് ഉറപ്പിക്കാൻ കഴിയും. അതേസമയം മത്സരം തോറ്റാലും നേരിയ സാധ്യതകൾ അവർക്ക് അവശേഷിക്കും. ക്രൊയേഷ്യ ബെൽജിയത്തെ പരാജയപ്പെടുത്തണം എന്നുമാത്രം. എന്തായാലും അത്തരത്തിലുള്ള ഒരു റിസ്ക് എടുക്കുവാൻ അവർ തയ്യാറാകില്ല. വിജയം തന്നെയാകും ലക്ഷ്യം.
കഴിഞ്ഞ മത്സരത്തിൽ കരുത്തരായ ബെൽജിയത്തെ തകർത്തതിൻ്റെ ആത്മവിശ്വാസവും അവർക്ക് കൈമുതലായുണ്ട്. എന്തായാലും മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കുവാൻ കഴിയും.