പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ബെൽജിയവും ക്രൊയേഷ്യയും കളത്തിൽ.!
ലോകകപ്പിലെ ഗ്രൂപ്പ് എഫിൽ നടക്കുന്ന അതിവാശിയേറിയ പോരാട്ടത്തിൽ ബെൽജിയം ഇന്ന് ക്രൊയേഷ്യയെ നേരിടും. പ്രീക്വാർട്ടർ നിർണയ പോരാട്ടമായത് കൊണ്ടുതന്നെ ആവേശകരമായ മത്സരം തന്നെയാകും അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ അരങ്ങേറുക. ഇന്ത്യൻ സമയം രാത്രി 8.30നാണ് ഈയൊരു മത്സരം കിക്കോഫ് ആകുക. വിജയം മാത്രമാണ് റോബർട്ടോ മാർട്ടിനെസും സംഘവും ലക്ഷ്യം വെക്കുന്നത്. കാരണം, ഒരു തോൽവിയോ സമനിലയോ അവർക്ക് പുറത്തേക്ക് ഉള്ള വഴി തെളിക്കും.
അതുകൊണ്ട് 3 പോയിൻ്റ് നേടുക എന്നത് മാത്രമാണ് അവർക്ക് പ്രീക്വാർട്ടറിൽ കേറുവാൻ ഉള്ള ഏക വഴി. അല്ലെങ്കിൽ ഈയൊരു മത്സരം സമനില ആകുകയും, കാനഡ മൊറോക്കോയെ മൂന്നിൽ അധികം ഗോളുകൾക്ക് പരാജയപ്പെടുത്തുകയും വേണം ബെൽജിയത്തിന് പ്രതീക്ഷ വെക്കാൻ. എന്തായാലും അത് അല്പം പ്രയാസകരമായ കാര്യമാണ്. മറുവശത്ത് ഒരു സമനില മാത്രം മതിയാകും ക്രൊയേഷ്യയ്ക്ക് കാര്യങ്ങൾ അനുകൂലമാക്കാൻ. വിജയിച്ചാൽ അവർക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക് പ്രവേശിക്കുവാനും കഴിയും. നിലവിൽ 2 മത്സരങ്ങളിൽ നിന്നും 4 പോയിൻ്റാണ് ക്രൊയേഷ്യയുടെ സമ്പാദ്യം. ബെൽജിയത്തിന് 3 പോയിൻ്റും. അതുകൊണ്ടുതന്നെ ഒരുപക്ഷേ അവർ അല്പം പ്രതിരോധത്തിലേക്ക് വലിഞ്ഞേക്കാം.
സർവതും മറന്ന് ആക്രമണം മാത്രം ലക്ഷ്യം വെച്ച് ബെൽജിയൻ നിര കളത്തിലിറങ്ങുമ്പോൾ കൗണ്ടർ അറ്റാക്കുകളിലൂടെയാകും കൂടുതലും ക്രൊയേഷ്യൻ മറുപടി. എന്തായാലും ആരുടെ മുഖത്ത് ആകും അവസാന പുഞ്ചിരി വിടരുക എന്നറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.