സൗദിയെ കീഴടക്കി വിജയത്തോടെ മടങ്ങി മെക്സിക്കോ.!
ലോകകപ്പിലെ ഗ്രൂപ്പ് സിയിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ സൗദി അറേബ്യക്കെതിരെ മെക്സിക്കോയ്ക്ക് വിജയം. ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മെക്സിക്കോ വിജയം സ്വന്തമാക്കിയത്. പ്രീക്വാർട്ടറിൽ കയറണമെങ്കിൽ 3 ഗോളിന് എങ്കിലും അവർക്ക് വിജയിക്കേണ്ടതുണ്ടായിരുന്നു. അല്ലാത്തപക്ഷം അർജൻ്റീന പോളണ്ടിനെതിരെ ഒന്നോ രണ്ടോ ഗോളുകൾ കൂടി അടിച്ചിരുന്നെങ്കിലും മെക്സിക്കോയ്ക്ക് പ്രതീക്ഷകൾക്ക് വക ഉണ്ടാകുമായിരുന്നു. എന്നാൽ ഒരു ഗോളിൻ്റെ വിജയമായതുകൊണ്ട് തന്നെ വിജയിച്ചിട്ടും പ്രീക്വാർട്ടർ കാണാതെ അവർ പുറത്താകുകയായിരുന്നു.
മത്സരത്തിൻ്റെ ആദ്യപകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിലാണ് ഗോളുകൾ ഒക്കെയും പിറന്നത്. 47ആം മിനിറ്റിൽ ചാവെസ് എടുത്ത കോർണർ ഒരു ഫ്ളിക്കിലൂടെ മോണ്ടെസ് ഗോളിനായി ശ്രമിച്ചു. എന്നാൽ പന്ത് ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന ഹെൻറി മാർട്ടിനിലേക്ക് ആണ് വന്നത്. ഒരു അനായാസ ഗോളിലൂടെ മാർട്ടിൻ മെക്സിക്കോയെ മുന്നിലെത്തിച്ചു. സ്കോർ 1-0. തുടർന്ന് 5 മിനിറ്റുകൾക്ക് ശേഷം മെക്സിക്കോ വീണ്ടും ലീഡ് ഉയർത്തി. 52ആം മിനിറ്റിൽ ഏകദേശം മുപ്പതോളം വാര അകലെ നിന്നും ചാവേസ് എടുത്ത ഫ്രീകിക്ക് ശരവേഗത്തിൽ സൗദി പോസ്റ്റിലേക്ക് ഇടിച്ചു കയറി. മെക്സിക്കൻ ആരാധകർ ആവേശത്തിൽ ആറാടിയിട്ടുണ്ടാവാം. കേവലം ഒരു ഗോൾ കൂടി മതിയായിരുന്നു അവർക്ക് പ്രീക്വാർട്ടർ ബെർത്ത് ഉറപ്പിക്കാൻ. എന്നാൽ പിന്നീട് ഗോളുകൾ ഒന്നും നേടുവാൻ അവരെ സൗദി അനുവദിച്ചില്ല. ഒടുവിൽ ഇഞ്ചുറി ടൈമിൻ്റെ അവസാന നിമിഷം അൽ ദൗസെരിയിലൂടെ സൗദി ഒരു ഗോൾ മടക്കുക കൂടി ചെയ്തതോടെ മെക്സിക്കോയുടെ പ്രതീക്ഷകൾ അവതാളത്തിലായി.
അങ്ങനെ മത്സരം 2-1 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു. മത്സരത്തിലുടനീളം ആക്രമിച്ചു കളിച്ചിട്ടും കൂടുതൽ ഗോളുകൾ നേടുവാൻ കഴിയാതിരുന്നത് മെക്സിക്കോയ്ക്ക് തിരിച്ചടിയായി. 11 ഓൺ ടാർഗറ്റ് ഷോട്ടുകൾ അവർ എടുത്തെങ്കിലും നിർഭാഗ്യവശാൽ കൂടുതൽ ഗോളുകൾ നേടുവാൻ അവർക്ക് സാധിച്ചില്ല. വിജയിച്ചെങ്കിലും 2 മത്സരങ്ങളിൽ നിന്നും 4 പോയിൻ്റുമായി അവർ 3ആം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. രണ്ടാമതുള്ള പോളണ്ടിനും അത്ര തന്നെ പോയിൻ്റ് ആണെങ്കിലും ഗോൾ വ്യത്യാസത്തിൽ മെക്സിക്കോ പിന്നിലായത് അവർക്ക് തിരിച്ചടിയായി. തോൽവി വഴങ്ങിയ സൗദി 3 പോയിൻ്റുമായി അവസാന സ്ഥാനത്താണ്. ഇതോടെ ഇരുടീമുകളും ലോകകപ്പിൽ നിന്നും പുറത്തായി.