പോളണ്ടിനെ തകർത്തെറിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി അർജൻ്റീന.!
ലോകകപ്പിലെ ഗ്രൂപ്പ് സിയിൽ നടന്ന അവസാന റൗണ്ട് പോരാട്ടത്തിൽ പോളണ്ടിനെതിരെ അർജൻ്റീനയ്ക്ക് തകർപ്പൻ വിജയം. ദോഹയിലെ 974 സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജൻ്റീന വിജയക്കൊടി പാറിച്ചത്. പ്രീക്വാർട്ടർ നിർണയ പോരാട്ടമായതിനാൽ തന്നെ രണ്ടും കൽപ്പിച്ച് തന്നെയായിരുന്നു സ്കലോണിയും സംഘവും കളത്തിലിറങ്ങിയത്. മത്സരത്തിലുടനീളം സമ്പൂർണ ആധിപത്യം പുലർത്തിക്കൊണ്ടാണ് ആൽബിസെലസ്റ്റിയൻസ് പോളണ്ടിനു മേൽ വിജയം കൈപ്പിടിയിൽ ഒതുക്കിയത്. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാംപകുതിയിൽ ആയിരുന്നു രണ്ട് ഗോളുകളും പിറന്നത്. രണ്ടാം പകുതി ആരംഭിച്ച് തൊട്ടടുത്ത മിനിറ്റിൽ തന്നെ മക്കലിസ്റ്ററിലൂടെ അർജൻ്റീന മുന്നിലെത്തി.
മൊളീനയുടെ ക്രോസിൽ നിന്നും ഒരു ഫസ്റ്റ് ടൈം ഷോട്ടിലൂടെയാണ് താരം സ്കോർ ചെയ്തത്. തുടർന്നും നിരന്തരമായി ആക്രമിച്ചു കൊണ്ടിരുന്ന അർജൻ്റീന 67ആം മിനിറ്റിൽ രണ്ടാം ഗോളും സ്വന്തമാക്കി. എൻസോ ഫെർണാണ്ടസ് നൽകിയ പാസിൽ നിന്നും ഒരു പവർഫുൾ ഷോട്ടിലൂടെ ജൂലിയൻ അൽവാരസാണ് ഗോൾ നേടിയത്. അവസാന വിസിൽ വരെയും മത്സരത്തിൽ അർജൻ്റൈൻ ആധിപത്യമായിരുന്നു കാണുവാൻ കഴിഞ്ഞത്. കുറഞ്ഞത് ഒരു അഞ്ചോ, ആറോ ഗോളുകൾ എങ്കിലും നേടുവാൻ അവർക്ക് കഴിയുമായിരുന്നു. എന്നാൽ നിർഭാഗ്യവും, ഫിനിഷിങ്ങിലെ അപാഗതയും, പോളിഷ് ഗോളി ഷേസ്‌നിയുടെ മികച്ച സേവുകളും അർജൻ്റീനയ്ക്ക് വിലങ്ങുതടി ആവുകയായിരുന്നു. കൂടാതെ 39ആം മിനിറ്റിൽ ലഭിച്ച പെനൽറ്റി സൂപ്പർതാരം ലയണൽ മെസ്സി പാഴക്കിയതും കൂടുതൽ ഗോൾ പിറക്കാതിരിക്കാൻ കാരണാമായി.
പോസ്റ്റിൻ്റെ ഇടത്തേ മൂലയിലേക്ക് മെസ്സി എടുത്ത കിക്ക് ഒരു മിന്നുന്ന സേവിലൂടെ ഷേസ്‌നി തടയുകയായിരുന്നു. പെനൽറ്റി നഷ്ടപ്പെടുത്തിയെങ്കിൽ പോലും മികച്ച പ്രകടനം തന്നെയാണ് ലിയോ മെസ്സി മത്സരത്തിൽ കാഴ്ച വെച്ചത്. ഒട്ടനവധി ഗോളവസരങ്ങൾ താരം മത്സരത്തിൽ സൃഷ്ടിച്ചു. 23 ഷോട്ടുകൾ ആണ് അർജൻ്റീന മത്സരത്തിൽ ആകെ പായിച്ചത്. അതിൽ 12 ഓൺ ടാർഗറ്റ് ഷോട്ടുകളും. മറുവശത്ത് ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് അടിക്കുവാൻ പോളണ്ടിനെ അർജൻ്റീന അനുവദിച്ചില്ല. എന്തായാലും ഈയൊരു തകർപ്പൻ വിജയത്തോടെ 2 മത്സരങ്ങളിൽ നിന്നും 6 പോയിൻ്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായിക്കൊണ്ടുതന്നെ അർജൻ്റീന പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചു. ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയുമായാണ് അർജൻ്റീനയുടെ പ്രീക്വാർട്ടർ മത്സരം നടക്കുക.
അതേസമയം പരാജയപ്പെട്ടെങ്കിലും പൊളണ്ടും ഗ്രൂപ്പ് സിയിൽ നിന്നും രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടർ പ്രവേശനം നേടി. ഗോൾവ്യത്യാസത്തിൽ മെക്സിക്കോയേക്കാൾ മുന്നിലായതാണ് അവർക്ക് ഗുണം ചെയ്തത്.