ചരിത്ര നിമിഷം; ലോകകപ്പ് മത്സരം നിയന്ത്രിക്കാൻ വനിതാ റഫറിമാർ.!
ഇതിനോടകം തന്നെ പല കാര്യങ്ങളിലും ഖത്തർ ലോകകപ്പ് ലോകശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു ചരിത്ര നിമിഷത്തിനാണ് ഇന്ന് ഖത്തർ വേദിയാകാൻ ഒരുങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 12.30 ന് അൽ ബയ്ത് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ജർമനി-കോസ്റ്റാറിക്ക മത്സരം നിയന്ത്രിക്കാൻ ഒരുങ്ങുന്നത് ഫ്രഞ്ചുകാരിയായ സ്റ്റെഫാനീ ഫ്രപ്പാർട്ട് ആണ്. ഒപ്പം സ്റ്റെഫാനിയെ അസിസ്റ്റ് ചെയ്യാൻ കൂടെയുള്ളത് ബ്രസീലുകാരിയായ ന്യൂസാ ബാക്കും, മെക്സിക്കോക്കാരിയായ കാരെൻ ഡയസുമാണ്.
അതായത്, മൈതാനം പൂർണമായും വനിതാ റഫറിമാരുടെ നിയന്ത്രണത്തിൽ ആയിരിക്കും. അതുകൊണ്ടുതന്നെ ഇതൊരു സുവർണ നിമിഷമായിരിക്കും. ചരിത്രത്തിൽ ആദ്യമായാണ് ഒരു ലോകകപ്പ് മത്സരത്തിൻ്റെ ചാർജ് ഒരു വനിതാ റഫറി വഹിക്കുന്നത്. ഇന്നലെ നടന്ന ഫ്രാൻസ്-ടുണീഷ്യ മത്സരത്തിൽ ഫോർത്ത് ഒഫീഷ്യൽ ആയി ചുമതല വഹിച്ചത് ആഫ്രിക്കൻ വനിതയായ സൽമ മുകൻസംഗ ആയിരുന്നു. എന്തായാലും, ഇതോടെ ഖത്തർ ലോകകപ്പിന് ചരിത്രത്തിൽ ഇടംപിടിക്കുവാൻ കഴിയും.