Foot Ball qatar worldcup Top News

മൂന്നിൽ മൂന്നും തോറ്റ് ഖത്തർ; ഗ്രൂപ്പ് ചാമ്പ്യന്മാരായി നെതർലൻഡ്സ്.!

November 29, 2022

author:

മൂന്നിൽ മൂന്നും തോറ്റ് ഖത്തർ; ഗ്രൂപ്പ് ചാമ്പ്യന്മാരായി നെതർലൻഡ്സ്.!

ലോകകപ്പിലെ ഗ്രൂപ്പ് എയിൽ നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ ആതിഥേയരായ ഖത്തറിനെ കീഴടക്കി നെതർലൻഡ്സ്. എതിരില്ലാത്ത 2 ഗോളുകൾക്ക് ആയിരുന്നു ഓറഞ്ചുപടയുടെ വിജയം. ദോഹയിലെ അൽ ബയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 26ആം മിനിറ്റിലാണ് ആദ്യ ഗോൾ പിറക്കുന്നത്. ക്ലാസൻ്റെ പാസ് സ്വീകരിച്ചുകൊണ്ട് ബോക്സിലേക്ക് ശരവേഗം കുതിച്ച ഗാക്പോ 2 ഖത്തർ പ്രതിരോധ താരങ്ങളെയും ഗോളിയേയും നിഷ്പ്രഭരാക്കിക്കൊണ്ട് തൊടുത്ത ബുള്ളറ്റ് ഷോട്ട് പോസ്റ്റിൻ്റെ ഇടത് മൂലയിലേക്ക് പാഞ്ഞുകയറി. താരത്തിൻ്റെ ലോകകപ്പിലെ 3ആം ഗോൾ ആയിരുന്നു ഇത്.

തുടർന്നും കളിയുടെ നിയന്ത്രണം ഓറഞ്ചുപടയുടെ കാലുകളിൽ തന്നെയായിരുന്നു. ഖത്തറിന് 2 അവസരങ്ങൾ ലഭിച്ചുവെങ്കിലും അത് ഗോളാക്കി മാറ്റുവാൻ അവർക്ക് കഴിഞ്ഞില്ല. അതോടെ കൂടുതൽ ഗോളുകൾ ഒന്നും പിറക്കാതെ തന്നെ ആദ്യപകുതി അവസാനിച്ചു. തുടർന്ന് രണ്ടാം പകുതി ആരംഭിച്ച് 4 മിനിറ്റിനുള്ളിൽ തന്നെ ഡച്ച് പട ലീഡ് ഉയർത്തി. ക്ലാസൻ്റെ ക്രോസ് സ്വീകരിച്ച് ഡിപെയ് പോയിൻ്റ്ബ്ലാങ്കിൽ നിന്നും ഗോളിലേക്ക് ഉതിർത്ത ഷോട്ട് ഖത്തർ ഗോൾകീപ്പർ ബർഷാം തടുത്തെങ്കിലും റീബൗണ്ട് ആയിവന്ന പന്ത് ഡിയോങ് വലയിലാക്കുകയായിരുന്നു. സ്കോർ 2-0. പിന്നീടുള്ള സമയവും കളിയിൽ മാറ്റങ്ങൾ ഉണ്ടായില്ല. കൂടുതൽ ഗോൾ നേടുവാൻ ഡച്ച് ടീമിന് അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും നിർഭാഗ്യം കൊണ്ടും ഫിനിഷിങ്ങിലെ പോരായ്മകൾ കൊണ്ടും അതൊന്നും ഗോളാക്കി മാറ്റുവാൻ അവർക്ക് സാധിച്ചില്ല. അതേസമയം യൂറോപ്യൻ വമ്പന്മാർക്ക് മുന്നിൽ ഖത്തർ എന്ന കുഞ്ഞൻ ടീമിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

ഒടുവിൽ ഏകപക്ഷീയമായ 2 ഗോളിന് നെതർലൻഡ്സ് വിജയിക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായിക്കൊണ്ട് നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിക്കുവാൻ അവർക്ക് കഴിഞ്ഞു. 3 മത്സരങ്ങളിൽ 7 പോയിൻ്റാണ് അവരുടെ സമ്പാദ്യം. കളിച്ച 3 കളികളിലും പരാജയപ്പെട്ടുകൊണ്ട് ആതിഥേയരായ ഖത്തർ ലോകകപ്പിൽ നിന്നും പുറത്തായി.

Leave a comment