ഗ്രൂപ്പ് എച്ചിൽ ഇന്ന് കിടിലൻ പോരാട്ടം; പോർച്ചുഗലും, ഉറുഗ്വായും തമ്മിൽ കൊമ്പുകോർക്കും.!
ലോകകപ്പിലെ ഗ്രൂപ്പ് എച്ചിൽ ഇന്ന് വമ്പൻ പോരാട്ടത്തിനാണ് അറങ്ങുണരാൻ പോകുന്നത്. യൂറോപ്പിലെ കരുത്തരായ പോർച്ചുഗലും ലാറ്റിൻ അമേരിക്കയിലെ കരുത്തരായ ഉറുഗ്വായും തമ്മിൽ ഇന്ത്യൻ സമയം പുലർച്ചെ 12.30ന് നടക്കുന്ന മത്സരത്തിൽ കൊമ്പുകോർക്കും. ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. പ്രീക്വാർട്ടർ സ്ഥാനം ലക്ഷ്യമിട്ട് ആകും ഇരുകൂട്ടരും കളത്തിലിറങ്ങുക. ആദ്യ മത്സരത്തിൽ ഘാനയെ പരാജയപ്പെടുത്തിക്കൊണ്ടാണ് പറങ്കിപ്പടയുടെ വരവ്.
ക്രിസ്റ്റ്യാനോ റൊണാൾഡോ, ജൊവാവോ ഫെലിക്സ്, ബ്രൂണോ ഫെർണാണ്ടസ് തുടങ്ങിയവരുടെ മികച്ച ഫോം ഇന്നും തുടർന്നാൽ പോർച്ചുഗലിന് കാര്യങ്ങൾ എളുപ്പമാകും. പ്രതിരോധം മാത്രമാണ് സാൻ്റോസിൻ്റെ തലവേദന. ഡാനിലോ പെരേരെ പരിക്ക് മൂലം ഇന്നത്തെ മത്സരത്തിൽ ഉണ്ടാകില്ല എന്നത് പോർച്ചുഗലിന് തിരിച്ചടിയാണ്. പകരം റൂബൻ ഡയസ്-പെപ്പെ സഖ്യമായിരിക്കും ഇന്ന് പ്രതിരോധത്തിൽ അണിനിരക്കുക. മറുവശത്ത് സൗത്ത് കൊറിയയോട് സമനില വഴങ്ങിക്കൊണ്ടാണ് ഉറുഗ്വായ് വരുന്നത്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൻ്റെ ഫലം അവരെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്. വൽവർദെ, ബെൻറ്റങ്കർ, സുവാരസ്, ന്യൂനെസ് തുടങ്ങിയവരാണ് ഉറുഗ്വായ് ആക്രമണത്തിൻ്റെ ചരട് വലിക്കുന്നത്. ഈയൊരു സഖ്യം ഫോമിലായാൽ പോർച്ചുഗലിനെ മറികടക്കാൻ അവർക്ക് സാധിക്കും.
കഴിഞ്ഞ ലോകകപ്പിൽ ഇരുവരും തമ്മിൽ പ്രീക്വാർട്ടറിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് കവാനിയുടെ ഇരട്ടഗോൾ മികവിൽ പോർച്ചുഗലിനെ കീഴടക്കാൻ ഉറുഗ്വായ്ക്ക് സാധിച്ചു. അതേ മികവ് ഇന്നും തുടരാൻ ആകും അവർ ശ്രമിക്കുക. അതേസമയം അന്നത്തെ തോൽവിക്ക് കണക്ക് തീർക്കാൻ ആകും ക്രിസ്റ്റ്യാനോയും സംഘവും ലക്ഷ്യമിടുക. എന്തായാലും അതിവാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.






































