സൗദി അറേബ്യയെ രണ്ടു ഗോളുകൾക്കു തകർത്ത് പോളണ്ട്
ഫിഫ ലോകകപ്പിൽ സൗദി അറേബ്യയെ രണ്ടു ഗോളുകൾക്കു തകർത്തുവിട്ട് പോളണ്ട്. ആദ്യ മത്സരത്തിൽ കരുത്തരായ അര്‍ജന്റീനയെ തോൽപിച്ചെത്തിയ സൗദിയുടെ ആത്മവിശ്വാസം കെടുത്തിക്കൊണ്ടാണ് പോളണ്ട് ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കിയത്. പോളണ്ടിനായി പിയോറ്റർ സെലിൻസ്കി (39), ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്സ്കി (81) എന്നിവരാണ് വലകുലുക്കിയത്.
അര്‍ജന്റീനയെ വിറപ്പിച്ച തന്ത്രങ്ങളൊന്നും അറേബ്യൻ ടീമിന് ഇന്ന് പോളണ്ടിന്റെ അടുത്ത് വിലപ്പോയില്ല. വീണുകിട്ടിയ ഒരു പെനാല്‍റ്റിയും ഒരു ഡസനോളം അവസരങ്ങളും തുലച്ചാണ് ഒന്നാന്തരം പോരാട്ടത്തിനൊടുവില്‍ സൗദി തോല്‍വി വഴങ്ങിയത്. ആദ്യ മത്സരത്തിൽ മെക്സിക്കോയോട് ഗോൾ രഹിത സമനില വഴങ്ങിയ പോളണ്ടിന് ഗ്രൂപ്പ് ഘട്ടം കടക്കണമെങ്കിൽ ഇന്നത്തെ കളിയിൽ ജയം അനിവാര്യമായിരുന്നു.
അടുത്ത മത്സരത്തിൽ അർജന്റീനയെ തോൽപിച്ചാൽ പോളണ്ടിന് അനായാസം പ്രീക്വാർട്ടർ ഉറപ്പിക്കാം. ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിവെയ്ക്കുകയും ചെയ്ത ലെവന്‍ഡോവ്സ്കിയാണ് ഇന്നത്തെ മത്സരത്തിലെ ഹീറോ.






































