വെയ്ല്‍സിനെതിരെ ത്രസിപ്പിക്കുന്ന ജയവുമായി ഇറാന്‍
ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ വെയ്ല്‍സിനെതിരെ ത്രസിപ്പിക്കുന്ന ജയവുമായി ഇറാന്‍. സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് നേടിയ രണ്ട് ഗോളിനാണ് ഇറാന്‍ ജയിച്ചത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് നാണംകെട്ടവര്‍ ഇംഗ്ലണ്ടിന്റെ അയല്‍ക്കാരോട് എണ്ണംപറഞ്ഞ ജയമാണ് നേടിയത്.
വെയ്ല്‍സ് ഗോളി ഹെന്‍സേ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയ മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ എട്ട്, പതിനൊന്ന് മിനിറ്റുകളിലായിരുന്നു ഇറാന്റെ ഗോളുകള്‍. ആദ്യം റൗസ്ബെ ചെഷ്മിയും പതിനൊന്നാം മിനിറ്റില്‍ റാമിന്‍ റെസെയ്നുമാണ് ഇറാന്റെ ഗോളുകള്‍ നേടിയത്. മികച്ച മുന്നേറ്റങ്ങളുമായി തുടക്കംമുതൽ ഇറാൻ കളം നിറഞ്ഞതോടെ വെയ്‌ൽസ് ആദ്യ പകുതിയിൽ തന്നെ സമ്മർദത്തിലായിരുന്നു.
ഇംഗ്ലണ്ടിനെതിരെ കണ്ട ടീമേ ആയിരുന്നില്ല ഇന്ന് വെയിൽസിനെതിരെ കളിച്ച ഇറാൻ എന്നുവേണം പറയാൻ. കഴിഞ്ഞ ദിവസം യുഎസ്എയെ സമനിലയിൽ കുരുക്കിയ കളിയുടെ തുടർച്ചയാണ് വെയ്‌ൽസ് ഇന്നും കെട്ടഴിച്ചത്. 3-4-3–1 ശൈലിയിലാണ് ഇന്ന് വെയ്‌ൽസ് കളത്തിലിറങ്ങിയെങ്കിൽ 4–3–3–1 എന്ന ശൈലിയാണ് ഇറാൻ അവലംബിച്ചത്. തുടക്കം മുതൽ വെയ്‌ൽസ് സൂപ്പർ താരം ഗാരെത് ബെയ്‌ലിനെ പൂട്ടാനായിരുന്നു ഇറാന്റെ ശ്രമം. പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ വെയിൽസിന് ഇന്ന് ജയം അനിവാര്യമായിരുന്നു. ജയത്തോടെ ഇറാന്‍ പോയിന്റ് പട്ടികയില്‍ ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാമതെത്തി. വെയ്ല്‍സിന്റെ സാധ്യതകള്‍ മങ്ങുകയും ചെയ്തു.