ആദ്യ വിജയം തേടി നോർത്ത് ഈസ്റ്റ്; ഒന്നാംസ്ഥാനം ലക്ഷ്യമിട്ട് മുംബൈ.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ വിജയവും സ്വപ്നം കണ്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കളത്തിലിറങ്ങുകയാണ്. എതിരാളികൾ ഐ.എസ്.എല്ലിലെ ഏറ്റവും കരുത്തരായ ടീമുകളിൽ ഒന്നായ മുംബൈ സിറ്റി എഫ്സി. വൈകിട്ട് 7.30ന് നോർത്ത് ഈസ്റ്റിൻ്റെ മൈതാനമായ ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. 6 മത്സരങ്ങളിൽ 6ഉം തോറ്റുകൊണ്ട് ഐ.എസ്.എല്ലിലെ ഒരു മോശം റെക്കോർഡ് നോർത്ത് ഈസ്റ്റ് സ്വന്തം പേരിൽ കുറിച്ചിരുന്നു. ആദ്യമായാണ് ഒരു ടീം സീസണിലെ ആദ്യ 6 മത്സരങ്ങളും പരാജയപ്പെടുന്നത്. ഈയൊരു കാരണം കൊണ്ടുതന്നെ ആരാധകരെ തൃപ്തിപ്പെടുത്തുവാൻ വേണ്ടിയെങ്കിലും അവർക്ക് വിജയിച്ചേ മതിയാകൂ. എന്നാൽ മറുവശത്ത് കരുത്തരായ മുംബൈ സിറ്റി ആകുമ്പോൾ നോർത്ത് ഈസ്റ്റിന് കാര്യങ്ങൾ ഒട്ടും എളുപ്പമാകില്ല. ഈ സീസണിൽ ഒരു പരാജയം പോലും അറിയാത്ത ഏക ടീമാണ് അവർ.
ഡയസ്, സ്റ്റുവർട്ട്, ചാങ്തെ, ജാഹു, ബിപിൻ സിംഗ്, അപ്പുയ തുടങ്ങിയ പ്രഗത്ഭരായ താരങ്ങൾ അണിനിരക്കുന്ന മുംബൈ ആക്രമണനിരയെ നോർത്ത് ഈസ്റ്റ് എങ്ങനെ തടുത്ത് നിർത്തുമെന്ന് കണ്ടുതന്നെ അറിയണം. നിലവിൽ 7 മത്സരങ്ങളിൽ നിന്നും 15 പോയിൻ്റുമായി 2ആം സ്ഥാനത്താണ് മുംബൈ ഉള്ളത്. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ ഹൈദരബാദിനെ മറികടന്ന് ഒന്നാം സ്ഥാനം സ്വന്തമാക്കുവാൻ അവർക്ക് സാധിക്കും. അതേസമയം കളിച്ച എല്ലാ മത്സരങ്ങളും പരാജയപ്പെട്ടുകൊണ്ട് അവസാന സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്. എന്തായാലും ഇന്ന് സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യ വിജയം സ്വന്തമാക്കുവാൻ നോർത്ത് ഈസ്റ്റിന് സാധിക്കുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം.