ഖലീഫ സ്റ്റേഡിയത്തിൽ ഗോൾമഴ; ഇറാനെ തകർത്ത് ഇംഗ്ലണ്ട്.!
ഖത്തർ ലോകകപ്പിലെ രണ്ടാം ദിനത്തിൽ ഗോൾ മഴ പെയ്യിച്ച് ഇംഗ്ലണ്ട്-ഇറാൻ മത്സരം. ദോഹയിലെ ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ 6 ഗോളുകൾക്കാണ് ഇംഗ്ലീഷ് പട ഏഷ്യൻ വമ്പുമായെത്തിയ ഇറാനെ അടിച്ചു തുരത്തിയത്. ഇംഗ്ലണ്ടിനായി ബുക്കായോ സാകയും ഇറാനായി മെഹ്ദി ടറേമിയും ഇരട്ടഗോളുകൾ സ്വന്തമാക്കി. 35ആം മിനിറ്റിലാണ് മത്സരത്തിലെ ആദ്യഗോൾ പിറക്കുന്നത്. ലൂക് ഷായുടെ മികച്ചൊരു ക്രോസിൽ നിന്നും യുവതാരം ജൂഡ് ബെല്ലിങ്ഹാമാണ് ഒരു ഹെഡ്ഡറിലൂടെ വലകുലുക്കിയത്.
അതോടെ ടോപ് ഗിയറിലായ ഇംഗ്ലണ്ട് 43ആം മിനിറ്റിൽ ലീഡ് രണ്ടായി ഉയർത്തി. ട്രിപ്പിയർ എടുത്ത കോർണർ ഹാരി മഗ്വെയർ ഒരു ഹെഡിലൂടെ ബുക്കായോ സാകയ്ക്ക് മറിച്ചുനൽകി. താരത്തിൻ്റെ ഒരു അത്യുഗ്രൻ വോളിഷോട്ട് ഇറാൻ ഗോൾ കീപ്പറെ മറികടന്ന് വലയിൽ പതിച്ചു. ശേഷം വെറും മൂന്ന് മിനിട്ടിൻ്റെ ഇടവേളയിൽ ഇംഗ്ലണ്ട് തങ്ങളുടെ മൂന്നാം ഗോളും സ്വന്തമാക്കി. ഹാരി കെയ്നിൻ്റെ ക്രോസിൽ നിന്നും റഹീം സ്റ്റെർലിങ് ആണ് ഇംഗ്ലണ്ടിൻ്റെ മൂന്നാം ഗോൾ സ്വന്തമാക്കിയത്.
അതോടെ ആദ്യ പകുതി 3-0 എന്ന നിലയിൽ അവസാനിച്ചു. 15ആം മിനിറ്റിൽ ഇറാൻ ഗോൾകീപ്പർ അലിറെസ ബെയിറൻവൻഡിന് പരിക്കേറ്റതിനാൽ മൽസരത്തിൻ്റെ കുറച്ച് സമയം നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ 14 മിനിറ്റ് ആയിരുന്നു ആദ്യ പകുതിയുടെ അഡീഷണൽ ടൈം. പരിക്കേറ്റ അലിറെസയ്ക്ക് പകരം ഇറാൻ്റെ രണ്ടാം ഗോൾ കീപ്പർ ഹോസ്സെയിനി കളത്തിലിറങ്ങി.
രണ്ടാം പകുതിയിലും ആക്രമണം തുടർന്ന ഇംഗ്ലണ്ട് 62ആം മിനിറ്റിൽ സാകയിലൂടെ നാലാം ഗോൾ സ്വന്തമാക്കി. സ്റ്റെർലിങ്ങിൻ്റെ പാസ്സ് സ്വീകരിച്ച് 3 ഇറാൻ താരങ്ങളെ ഡ്രിബിളിങ്ങിലൂടെ കീഴടക്കിയതിന് ശേഷം സാക അനായാസം സ്കോർ ചെയ്യുകയായിരുന്നു. തുടർന്ന് 3 മിനിറ്റിൻ്റെ ഇടവേളയ്ക്ക് ശേഷം ടറേമിയിലൂടെ ഇറാൻ ഒരു ഗോൾ മടക്കി. ഗോലിസഡെയിയുടെ പാസിൽ നിന്നും ഒരു തകർപ്പൻ ഷോട്ടിലൂടെയാണ് ടറേമി വലകുലുക്കിയത്.
ശേഷം 71ആം മിനിറ്റിൽ അടുത്ത ഗോളും പിറന്നു. സബ്സ്റ്റിറ്റ്യൂട്ട് ആയി കളത്തിലിറങ്ങിയ ഉടനെ തന്നെ റാഷ്ഫോഡ് ഗോൾ നേടുകയായിരുന്നു. കെയ്ൻ നൽകിയ പാസിൽ നിന്നും 3 ഇറാൻ താരങ്ങളെ മറികടന്ന് കൊണ്ടാണ് താരം ഇംഗ്ലണ്ടിൻ്റെ അഞ്ചാം ഗോൾ സ്വന്തം പേരിൽ കുറിച്ചത്. പിന്നീട് 89ആം മിനിറ്റിൽ മറ്റൊരു സബ്സ്റ്റിറ്റ്യൂട്ട് താരം ഗ്രീലിഷിൻ്റെ ഗോൾ കൂടി പിറന്നതോടെ ഇംഗ്ലണ്ടിൻ്റെ ഗോൾ പട്ടിക പൂർത്തിയായി. വിൽസൺ ആണ് ഈയൊരു ഗോളിന് വഴിയൊരുക്കിയത്. അങ്ങനെ സ്കോർ 6-1 എന്ന നിലയിലായി. ഒടുവിൽ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനൽറ്റി ഗോളാക്കിക്കൊണ്ട് ടറേമി ഇറാന് വേണ്ടി ഒരു ഗോൾ കൂടി മടക്കി.
അതോടെ മത്സരം 6-2 എന്ന നിലയിൽ അവസാനിച്ചു. ആകെ 8 ഗോളുകളാണ് ഈയൊരു മത്സരത്തിൽ പിറന്നത്. മത്സരം വീക്ഷിക്കാൻ എത്തിയ ആരാധകർക്ക് ഒരു ഗോൾ വിരുന്ന് തന്നെയൊരുക്കാൻ ഇന്നത്തെ മത്സരത്തിന് സാധിച്ചു. ഇംഗ്ലണ്ടിൻ്റെ മിന്നലാക്രമണത്തിന് മുന്നിൽ ഇറാന് മുട്ടുമടക്കാൻ അല്ലാതെ ഒരു നിവർത്തിയും ഉണ്ടായിരുന്നില്ല. എന്തായാലും ഈയൊരു വിജയത്തോടെ വരും മത്സരങ്ങളെ കൂടുതൽ ആത്മവിശ്വാസത്തോടെ സമീപിക്കുവാൻ ഇംഗ്ലണ്ടിന് കഴിയും.