ആദ്യ പകുതിയിൽ ഇറാനെതിരെ ഇംഗ്ലണ്ടിന് മൂന്നു ഗോളിന്റെ ലീഡ്
ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഖലീഫ സ്റ്റേഡിയത്തിൽ ഇറാനെതിരെ ഇംഗ്ലണ്ടിന് മൂന്നു ഗോളിന്റെ ലീഡ്. 35-ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാം, 43-ാം മിനിറ്റിൽ ബുകായോ സാക, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ റഹീം സ്റ്റെർലിങ് എന്നിവരാണ് ഇംഗ്ലീഷ് പടക്കായി വല കുലുക്കിയത്.
കളത്തിൽ ഇംഗ്ലണ്ടിന്റെ സമ്പൂർണ മേധാവിത്തത്തിനിടെ ആദ്യ പകുതിയിൽ എതിർ താരവുമായി കൂട്ടിയിടിച്ച് ഒന്നാം നമ്പർ ഗോൾകീപ്പർ അലിറേസ ബെയ്റാൻവൻഡിനെ നഷ്ടമായത് ഇറാന് തിരിച്ചടിയായി. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ആക്രമണം തടയുന്നതിനിടയില്‍ ഇറാന്‍ ഗോള്‍കീപ്പറും പ്രതിരോധനിരക്കാരനും തമ്മില്‍ കൂട്ടിയിടിച്ചാണ് പരിക്കേറ്റത്.
കടലാസിലെ പുലികളായി ലോകകപ്പിനെത്തിയിരുന്ന പതിവ് ശൈലിയിലല്ല ഇംഗ്ലണ്ട് ഇത്തവണ ഖത്തറിൽ എത്തിയിരിക്കുന്നതെന്നാണ് ആദ്യപകുതി പറഞ്ഞുവെക്കുന്നത്. യുവതാരങ്ങളുടെയെല്ലാം ഒത്തരുമ കളി ശൈലിയിൽ കാണാനുമുണ്ട്. പ്രീമിയർ ലീഗിലെ മിന്നും താരങ്ങളുടെ മികവ് തന്നെയാണ് ഈ ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ശക്തി.