ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ കീഴടക്കി ഇക്വഡോർ.!
ഫിഫയുടെ 22ആമത് ലോകകപ്പിന് ഖത്തറിൽ ഔദ്യോഗികമായി തുടക്കം കുറിച്ചിരിക്കുകയാണ്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ലാറ്റിൻ അമേരിക്കൻ രാജ്യമായ ഇക്വഡോറിനോട് പരാജയം ഏറ്റുവാങ്ങി. അൽ ഖോറിലെ അൽ ബയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പർ സ്ട്രൈക്കർ എന്നർ വലെൻസിയയാണ് ഇക്വഡോറിനായി രണ്ട് ഗോളുകളും നേടിയത്. മത്സരത്തിൻ്റെ മൂന്നാം മിനിറ്റിൽ തന്നെ വലെൻസിയ വലകുലുക്കിയിരുന്നെങ്കിലും വാർ പരിശോധനയിൽ ഈയൊരു ഗോൾ റഫറി ഡിസ് അലോ ചെയ്യുകയായിരുന്നു. വാറിൽ മറ്റൊരു ഇക്വഡോർ താരം ഓഫ്സൈഡ് ആയിരുന്നെന്ന് കണ്ടെത്തിയത്തിനാലാണ് ഗോൾ ഒഴിവാക്കപ്പെട്ടത്. എന്നാൽ ഖത്തറിന് ആശ്വസിക്കാൻ വകയുണ്ടായിരുന്നില്ല. 15ആം മിനിറ്റിൽ വലെൻസിയ തന്നെ ഒരു പെനൽറ്റിയിലൂടെ ഇക്വഡോറിനായി ഗോൾ കണ്ടെത്തി. പന്തുമായി മുന്നേറിയ വലെൻസിയയെ ഖത്തർ ഗോൾകീപ്പർ അൽഷീബ് ബോക്സിൽ വീഴ്ത്തിയതിനാണ് ഇക്വഡോറിന് അനുകൂലമായി പെനൽറ്റി ലഭിച്ചത്. തുടർന്ന് പുരോഗമിച്ച മത്സരത്തിൽ 31ആം മിനിറ്റിൽ വലൻസിയ വീണ്ടും ഇക്വഡോറിനായി അവതരിച്ചു. റൈറ്റ്ബാക്ക് താരം പ്രെസ്യാഡോ ബോക്സിലേക്ക് നീട്ടി നൽകിയ ക്രോസിൽ നിന്നും ഒരു തകർപ്പൻ ഹെഡ്ഡറിലൂടെയാണ് താരം ഇത്തവണ ഗോൾ കണ്ടെത്തിയത്. അതോടെ കളി ഖത്തറിൻ്റെ കൈവിട്ടുപോയി. എന്നാൽ കൂടുതൽ ഗോളുകൾ ഒന്നും വഴങ്ങാതെ ആതിഥേയർ രക്ഷപ്പെടുകയായിരുന്നു. ശേഷിച്ച സമയങ്ങളിലും മികച്ച പ്രകടനം ഇക്വഡോർ പുറത്തെടുത്തെങ്കിലും കൂടുതൽ ഗോളുകൾ ഒന്നുംതന്നെ പിറന്നില്ല.
ഒടുവിൽ വലെൻസിയയുടെ ഇരട്ടഗോൾ പിൻബലത്തിൽ ഇക്വഡോർ ഈ ലോകകപ്പിലെ ആദ്യവിജയം തങ്ങളുടെ പേരിൽ കുറിച്ചു. ഒപ്പം മികച്ചൊരു തുടക്കവും സ്വന്തമാക്കാൻ അവർക്കായി. കുറച്ച് മുന്നേറ്റങ്ങൾ ആതിഥേയരുടെ ഭാഗത്ത് നിന്നും മത്സരത്തിൽ ഉണ്ടായെങ്കിലും ഒരു ഷോട്ട് പോലും ടാർഗറ്റിൽ എത്തിക്കാൻ അവർക്ക് കഴിഞ്ഞില്ല. എന്നിരുന്നാലും ചിലെ, കൊളംബിയ, പെറു തുടങ്ങിയ പേരുകേട്ട ടീമുകളെയെല്ലാം മറികടന്ന് ലോകകപ്പിലേക്ക് വന്ന ഇക്വഡോറിനെതിരെ ഇത്രയെങ്കിലും പൊരുതി നിൽക്കാൻ കഴിഞ്ഞതിൽ അവർക്ക് ആശ്വസിക്കാം. ഇനി വരും മത്സരങ്ങളിൽ നെതർലൻഡ്സ്, സെനഗൽ തുടങ്ങിയ ടീമുകളെ നേരിടേണ്ട ഇക്വഡോറിന് ഈയൊരു വിജയം ആത്മവിശ്വാസം പകരും.