പോർച്ചുഗൽ, സ്പെയിൻ ടീമുകൾക്ക് ഇന്ന് സൗഹൃദ മത്സരങ്ങൾ.!
ലോകകപ്പിൻ്റെ തയ്യാറെടുപ്പുകൾക്ക് മുന്നോടിയായി ഓരോ ടീമുകളും സൗഹൃദ മത്സരങ്ങൾ കളിച്ചു കൊണ്ടിരിക്കുകയാണ്. അർജൻ്റീന, ജർമനി, ക്രൊയേഷ്യ, പോളണ്ട് തുടങ്ങിയ വമ്പന്മാർ ഇന്നലെ സൗഹൃദ മത്സരങ്ങളിൽ വിജയിച്ചിരുന്നു. ക്രൊയേഷ്യ ഏകപക്ഷീയമായ ഒരു ഗോളിന് സൗദി അറേബ്യയെ പരാജയപ്പെടുത്തിയപ്പോൾ, ജർമനി അതേ സ്കോറിന് ഒമാനെയും, പോളണ്ട് അതേ സ്കോറിന് ചിലിയെയും കീഴടക്കി. അതേസമയം അർജൻ്റീന യു.എ.ഇയെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്ത് വിടുകയും ചെയ്തു.
എന്തായാലും ഇന്ന് മറ്റ് 2 വമ്പൻ ടീമുകൾ സൗഹൃദ മത്സരങ്ങൾക്കായി ഇറങ്ങുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് നൈജീരിയ ആണ് ഇന്നത്തെ മത്സരത്തിൽ എതിരാളികൾ. എന്നാൽ ഈയൊരു മത്സരത്തിൽ റൊണാൾഡോ ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന വിവരം. താരത്തിന് അസുഖ സംബന്ധമായ കാരണങ്ങൾ കൊണ്ട് ഇന്ന് കളിക്കുവാൻ കഴിയുകയില്ല. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് പോർച്ചുഗലിലെ എസ്റ്റാഡിയോ അൽവലാദേ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. മത്സരശേഷം നാളെ ടീം ഖത്തറിലേക്ക് തിരിക്കും.
മറ്റൊരു മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ സ്പെയിൻ ജോർദാനെ നേരിടും. ഇന്ത്യൻ സമയം രാത്രി 9.30 ന് ജോർദാനിലെ അമ്മൻ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ഈ മത്സര ശേഷമാകും സ്പെയിനും ഖത്തറിലേക്ക് പറക്കുന്നത്. എന്തായാലും ലോകകപ്പിനുള്ള ഈ രണ്ട് വമ്പന്മാരുടെയും തയ്യാറെടുപ്പുകൾ എത്രത്തോളം ആയിട്ടുണ്ടെന്ന് ഇന്നത്തെ മത്സരങ്ങളിൽ നിന്നും നമുക്ക് വിലയിരുത്താൻ കഴിയും.