ഫ്രാൻസിന് വീണ്ടും തിരിച്ചടി; പരിക്കേറ്റ് മറ്റൊരു സൂപ്പർതാരം കൂടി പുറത്ത്.!
ഫ്രാൻസിന് തങ്ങളുടെ പരിക്ക് ശാപം വിട്ടൊഴിയുന്നില്ല. സ്ക്വാഡ് പ്രഖ്യാപനത്തിന് മുമ്പേ തന്നെ സൂപ്പർ താരങ്ങളായ പോൾ പോഗ്ബയേയും, എൻഗാളോ കാൻ്റെയേയും അവർക്ക് നഷ്ടമായിരുന്നു. അതിന് പുറമെ കഴിഞ്ഞ ദിവസം പ്രസ്നൽ കിമ്പെമ്പെയും പരിക്കേറ്റ് ലോകകപ്പിൽ നിന്നും പുറത്താകുകയുണ്ടായി. ഇപ്പോഴിതാ മറ്റൊരു സൂപ്പർതാരത്തെ കൂടി ഫ്രാൻസിന് നഷ്ടമായിരിക്കുകയാണ്. ജർമൻക്ലബ് ആർ.ബി ലീപ്സിഗിൻ്റെ മുന്നേറ്റനിര താരമായ ക്രിസ്റ്റഫർ എങ്കുങ്കുവാണ് ഇപ്പോൾ പുറത്തായിട്ടുള്ളത്. പ്രാക്ടീസ് സെക്ഷനിലാണ് താരത്തിന് പരിക്കേറ്റത്. റയൽ താരം കാമവിങ്കയുടെ ടാക്കിൾ ആണ് പരിക്കേൽക്കാൻ കാരണമായത്. എന്തായാലും ഒരു വലിയ തിരിച്ചടിയാണ് ഇതോടെ ഫ്രാൻസിന് ഏറ്റിട്ടുള്ളത്. ഈ സീസണിൽ മിന്നും ഫോമിൽ ഉണ്ടായിരുന്ന എങ്കുങ്കു ലോകകപ്പിൽ ടീമിൻ്റെ അഭിവാജ്യ ഘടകമാകുമെന്ന പ്രതീക്ഷയിൽ ഇരിക്കുന്ന വേളയിൽ ആണ് പരിക്ക് മൂലം താരത്തിൻ്റെ പുറത്താകൽ.
ഈ സീസണിൽ ഇതുവരെ 15 മത്സരങ്ങളിൽ നിന്നും 12 ഗോളുകൾ നേടാൻ താരത്തിന് കഴിഞ്ഞിരുന്നു. എംബാപ്പെ, ബെൻസീമ എന്നിവർ ഉള്ളതുകൊണ്ട് തന്നെ സബ്സ്റ്റിറ്റ്യൂട്ട് റോളിൽ താരത്തെ ഇറക്കാൻ ആയിരുന്നു ദെഷാംപ്സിൻ്റെ പ്ലാൻ. എന്തായാലും അതെല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി എന്ന് വേണം പറയാൻ. ഇനി ആരാകും താരത്തിൻ്റെ പകരക്കാരൻ ആയി ലോകകപ്പ് സ്ക്വാഡിലേക്ക് ഇടംപിടിക്കുക എന്ന് നമുക്ക് കണ്ടുതന്നെ അറിയാം.