കാര്യമായ അഴിച്ചുപണിയൊന്നുമില്ലാതെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ
ഐപിഎല്‍ താരലേലത്തിന് മുന്നോടിയായുള്ള ടീമിലെ മാറ്റങ്ങൾ പുറത്തുവിട്ട് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. മറ്റ് ടീമുകളിൽ നിന്നും വ്യത്യസ്‌തമായി കഴിഞ്ഞ സീസണിലെ പ്രധാന താരങ്ങളെയെല്ലാം ടീം നിലനിര്‍ത്തിയതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
അഞ്ച് താരങ്ങളെ മാത്രമാണ് ആര്‍സിബി ഒഴിവാക്കിയിട്ടുള്ളത്. അതില്‍ തന്നെ ജേസൺ ബെഹ്‌റൻഡോർഫിനെ മുംബൈയുമായി ട്രേഡ് ചെയ്യുകയായിരുന്നു. ഷെർഫാൻ റുഥർഫോർഡ് മാത്രമാണ് ഒഴിവാക്കപ്പെട്ടവരിലെ പ്രമുഖന്‍. ലേലത്തില്‍ 8.75 കോടിയാണ് ആര്‍സിബിക്ക് ചെലവഴിക്കാനാവുക. രണ്ട് വിദേശ താരങ്ങളെ കൂടെ ടീമിലെത്തിക്കാനും സാധിക്കും.
ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, സുയാഷ് പ്രഭുദേശായി, രജത് പതിദാർ, ദിനേശ് കാർത്തിക്, അനുജ് റാവത്ത്, ഫിൻ അലൻ, ഗ്ലെൻ മാക്‌സ്‌വെൽ, വാനിഡു ഹസരംഗ, ഷഹബാസ് അഹമ്മദ്, ഹർഷൽ പട്ടേൽ, ഡേവിഡ് വില്ലി, കർൺ ശർമ, മഹിപാൽ ലോമ്റോർ, മുഹമ്മദ് സിറാജ്, ജോഷ് ഹേസിൽവുഡ്, സിദ്ധാർഥ് കൗൾ, ആകാശ് ദീപ് എന്നിവരെ റോയൽ ചലഞ്ചേഴ്‌സ് നിലനിർത്തിയപ്പോൾ ജേസൺ ബെഹ്‌റൻഡോർഫ്, അനീശ്വർ ഗൗതം, ചാമ മിലിന്ദ്, ലുവ്‌നിത്ത് സിസോദിയ, ഷെർഫാൻ റുഥർഫോർഡ് എന്നീ താരങ്ങളേയാണ് ഐപിഎൽ മിനിതാരലേലത്തിന് മുന്നോടിയായി ആർസിബി ഒഴിവാക്കയത്.