ശാർദുൽ താക്കൂർ ഡൽഹിയിൽ നിന്നും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക്
ബൗളിംഗ് ഓൾറൗണ്ടർ ശാർദുൽ താക്കൂറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് ട്രേഡ് ചെയ്ത് ഡൽഹി ക്യാപിറ്റൽസ്. 2023 സീസണിൽ താരം ഇനി കെകെആറിന്റെ കുപ്പായത്തിലാവും മൈതാനത്തിറങ്ങുക. ശാർദൂലിന്റെ മുൻ ടീമായ ചെന്നൈ സൂപ്പർ കിംഗ്സും നിലവിലെ ഐപിഎൽ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും പഞ്ചാബ് കിംഗ്സും അദ്ദേഹത്തെ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും ഡൽഹി താരത്തിനെ കെകെആറിന് കൈമാറുകയായിരുന്നു.
ശാർദുൽ താക്കൂർ പ്രതിനിധീകരിക്കുന്ന ആറാമത്തെ ഐപിഎൽ ടീമാണിത്. ക്രിക്കറ്റ് താരം മുമ്പ് മുംബൈ ഇന്ത്യൻസ്, കിംഗ്സ് ഇലവൻ പഞ്ചാബ്, റൈസിംഗ് പൂനെ സൂപ്പർജയന്റ്സ്, നാല് തവണ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നിവയായിരുന്നു താരത്തിന്റെ മുൻ ടീമുകൾ.
ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഐപിഎൽ മെഗാ ലേലത്തിനിടെ സിഎസ്കെ പുറത്തിറക്കിയ താക്കൂറിനെ ഡൽഹി ക്യാപിറ്റൽസ് 10.75 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. എന്നാൽ ഈ വിലയ്ക്കൊത്ത പ്രകടനം ഒന്നും താക്കൂറിന് പുറത്തെടുക്കാനിയിരുന്നില്ല. 9.79 എന്ന എക്കോണമിയിൽ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകൾ മാത്രമേ താരത്തിന് നേടാനായുള്ളൂ. 138 സ്ട്രൈക്ക് റേറ്റിൽ 120 റൺസും നേടി.