ആഴ്സണലിന്റെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റിനെ ഹൈജാക്ക് ചെയ്യാന്‍ ന്യൂകാസില്‍
ഷാക്തർ ഡൊണെറ്റ്‌സ്‌ക് വിംഗർ മൈഖൈലോ മുദ്രിക്കിന്റെ ഒപ്പിനായി ആഴ്‌സണലിനോട് മത്സരിക്കാൻ ന്യൂകാസിൽ ഒരുങ്ങുന്നു.ഈ സീസണിൽ ഷക്തറിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചതിന് ശേഷം 21 കാരനായ താരം നിരവധി യൂറോപ്യൻ ഫുട്ബോള്‍ ക്ലബുകളുടെ റഡാറിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.ആറ് മത്സരങ്ങളിൽ മൂന്ന് തവണ സ്കോർ ചെയ്ത് ചാമ്പ്യൻസ് ലീഗിൽ അദ്ദേഹം പ്രത്യേകിച്ചും ശ്രദ്ധ പിടിച്ചുപറ്റി.

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വിംഗറിനെ സൈൻ ചെയ്യാൻ ആഴ്സണൽ ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ഷാക്തർ ആവശ്യപ്പെട്ട വില നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് ചർച്ചകളിൽ നിന്ന് ലണ്ടന്‍ ക്ലബ് പിന്മാറി.2026 വരെ ഷക്തറുമായി കരാറിലേർപ്പെട്ടിരിക്കുന്ന വിംഗറിനെ സൈൻ ചെയ്യാൻ ന്യൂകാസിലിനും താൽപ്പര്യമുണ്ടെന്ന് ഫുട്ബോൾ ഇൻസൈഡർ അവകാശപ്പെടുന്നു.താരത്തിന് വേണ്ടി 50 മില്യന്‍ യൂറോയില്‍ കൂടുതല്‍ ചിലവാക്കാന്‍ ന്യൂകാസില്‍ തയ്യാറാണ്.ജനുവരിയിൽ “ബോക്സ് ഓഫീസ്” സൈനിംഗ് ആയി മുദ്രിക്കിനെ സൈൻ ചെയ്യാൻ സൗദി ഉടമകൾ പച്ചക്കൊടി കാട്ടിയതായി റിപ്പോർട്ടുണ്ട്.ഇതോടെ പ്രീമിയര്‍ ലീഗില്‍ കളിക്കുക എന്ന തന്‍റെ ലക്ഷ്യം നിറവേറ്റാന്‍ മൈഖൈലോ മുദ്രിക്കിന് കഴിഞ്ഞേക്കും.