കൊച്ചിയിൽ ഗോവയെ കപ്പലുകടത്തി ബ്ലാസ്റ്റേഴ്സ്.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന അതി വാശിയേറിയ പോരാട്ടത്തിൽ കരുത്തരായ ഗോവയെ നിലംപരിശാക്കി കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിൻ്റെ സ്വന്തം തട്ടകമായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആതിഥേയർ ഗോവയെ തകർത്തുവിട്ടത്. മത്സരത്തിൽ കൂടുതൽ പന്തടക്കം സന്ദർശകർക്ക് ആയിരുന്നെങ്കിലും മൂർച്ചയുള്ള ആക്രമണം ബ്ലാസ്റ്റേഴ്സിൻ്റേത് ആയിരുന്നു. അതിൻ്റെ ഫലമായി ആദ്യ പകുതിയുടെ 42ആം മിനിറ്റിൽ അഡ്രിയാൻ ലൂണ മഞ്ഞപ്പടയ്ക്കായി വലകുലുക്കി. ബോക്സിനുള്ളിൽ നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവിൽ സഹൽ നൽകിയ പാസിൽ നിന്നുമാണ് ലൂണ ഗോൾ നേടിയത്. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് തന്നെ ഡയമൻ്റാക്കോസിനെ ബോക്സിൽ വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി റഫറി പെനൽറ്റി വിധിച്ചു. കിക്ക് എടുത്ത ദിമിത്രിയ്ക്ക് പിഴച്ചില്ല. സ്കോർ 2-0. അതോടെ ആദ്യ പകുതിക്ക് വിരാമമായി. ശേഷം രണ്ടാം പകുതിയിൽ ആക്രമണം തുടർന്ന ബ്ലാസ്റ്റേഴ്സ് ഇവാൻ കലിയുഷ്ണിയിലൂടെ മൂന്നാം ഗോളും സ്വന്തമാക്കി. ഡയമൻ്റാക്കോസിൻ്റെ പാസ്സ് സ്വീകരിച്ച ഇവാൻ ഗോവൻ പകുതിയുടെ മധ്യത്തിൽ നിന്നും തൊടുത്ത ബുള്ളറ്റ് ഷോട്ട് വലയിലേക്ക് പാഞ്ഞു കയറി. സ്റ്റേഡിയം പൊട്ടിത്തെറിച്ച നിമിഷം എന്നുതന്നെ പറയാം. ഇനി ഏതൊക്കെ വമ്പന്മാർ ഗോൾ നേടിയാലും ഈയൊരു ഗോളിനെ വെല്ലാൻ ഒരുത്തനെ കൊണ്ടും കഴിയില്ലെന്ന് നിസംശയം പറയാൻ കഴിയും. അങ്ങനെ 3-0 എന്ന നിലയിൽ പുരോഗമിച്ച കളിയിൽ 67ആം മിനിറ്റിൽ നോവ സഡോയിയിലൂടെ ഗോവ ഒരു ഗോൾ മടക്കി. സെറിട്ടൺ ഫെർണാണ്ടസിൻ്റെ പാസിൽ ക്രോസിൽ നിന്നും ഒരു ഹെഡ്ഡറിലൂടെയാണ് താരം ഗോൾ നേടിയത്. ശേഷം കൂടുതൽ ഗോൾ നേടി മത്സരത്തിലേക്ക് തിരിച്ചു വരുവാൻ ഗോവ ആവുന്നത്ര പരിശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിൻ്റെ മിന്നും പ്രകടനത്തിന് മുന്നിൽ അതെല്ലാം വെറുതെയായി. ലൂണയുടെ പോസ്റ്റിൽ തട്ടിത്തെറിച്ച ഷോട്ട് ഒക്കെ ഗോൾ ആയിരുന്നെങ്കിൽ ഇതിലും വലിയ സ്കോറിന് വിജയിക്കാൻ കൊമ്പന്മാർക്ക് കഴിഞ്ഞേനെ. എന്തായാലും വമ്പന്മാർ എന്ന പേരുമായി വന്ന ഗോവയെ കൊച്ചിയിൽ സ്വന്തം കാണികൾക്ക് മുന്നിൽ തകർത്തെറിയാൻ ബ്ലാസ്റ്റേഴ്സിനായി. കളി കാണുവാൻ പോയ ഓരോ ആരാധകനും ആനന്ദ നൃത്തമാടിയിട്ടുണ്ടാവാം.
ഈയൊരു തകർപ്പൻ വിജയത്തോടെ 6 മത്സരങ്ങളിൽ നിന്നും 9 പോയിൻ്റുമായി ടേബിളിൽ 5ആം സ്ഥാനത്തേക്ക് പ്രവേശിക്കുവാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. 5 മത്സരങ്ങളിൽ നിന്ന് 9 പോയിൻ്റുള്ള ഗോവ ഗോൾ വ്യത്യാസത്തിൽ ബ്ലാസ്റ്റേഴ്സിനേക്കാൾ മുന്നിൽ ആയതുകൊണ്ട് ടേബിളിൽ 4ആം സ്ഥാനത്താണ്. 2016ന് ശേഷം ഗോവയ്ക്ക് എതിരെ വിജയിക്കാൻ കഴിഞ്ഞിട്ടില്ല എന്ന നാണക്കേട് മാറ്റുവാനും ഈയൊരു മിന്നും വിജയത്തോടെ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. മലയാളി താരം രാഹുൽ കെ.പിയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. മികച്ച ഡ്രിബിളുകളിലൂടെയും, സ്പ്രിൻ്റുകളിലൂടെയും കളം നിറയാൻ താരത്തിന് സാധിച്ചു.






































