സെക്കോയുടെ ഇരട്ടഗോൾ മികവിൽ അറ്റാലൻ്റായെ കീഴടക്കി ഇൻ്റർ.!
സീരി എയിൽ ലോകകപ്പിന് മുമ്പ് നടന്ന അവസാന മത്സരത്തിൽ അറ്റാലൻ്റായെ കീഴടക്കി ഇൻ്റർ മിലാൻ കരുത്ത് കാട്ടി. അറ്റാലൻ്റായുടെ മൈതാനമായ ഗെവിസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇൻ്റർ ജയിച്ചു കയറിയത്. മത്സരത്തിൽ ഇൻ്ററിനായി എഡിൻ സെക്കോ ഇരട്ടഗോളുകൾ നേടി. ആദ്യം ലീഡ് നേടിയത് ആതിഥേയരായിരുന്നു. 23ആം മിനിറ്റിൽ സപ്പാറ്റയെ ഇൻ്റർ പ്രതിരോധതാരം ഡി വ്രിജ് ബോക്സിൽ വീഴ്ത്തിയതിന് റഫറി പെനൽറ്റി വിധിച്ചു. കിക്ക് എടുത്ത ലുക്മാന് പിഴച്ചില്ല.സ്കോർ 1-0. ഇതിന് മറുപടി ആയികൊണ്ട് 36ആം മിനിറ്റിൽ തന്നെ സെക്കോയിലൂടെ ഇൻ്റർ ഗോൾ മടക്കി. ലൗത്താരോ മാർട്ടിനെസ് ആണ് ഈയൊരു ഗോളിന് വഴിയൊരുക്കിയത്. അങ്ങനെ ആദ്യ പകുതി 1-1 എന്ന നിലയിൽ അവസാനിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ 56ആം മിനിറ്റിൽ സെക്കോ തൻ്റെയും ടീമിൻ്റെയും രണ്ടാം ഗോൾ കണ്ടെത്തി.
വെറും 5 മിനിറ്റിൻ്റെ വ്യത്യാസത്തിൽ ഇൻ്ററിൻ്റെ 3ആം ഗോളും വന്നു. ചലോനാല്ലുവിൻ്റെ അപകടകരമായ ക്രോസ് മാർട്ടിനെസ് പോസ്റ്റിലേക്ക് ഹെഡ് ചെയ്തു. ക്ലിയർ ചെയ്യാൻ ശ്രമിച്ച പലോമിനോ അതൊരു ഓൺ ഗോൾ ആക്കി മാറ്റി. സ്കോർ 3-1. അതോടെ കളി ഇൻ്ററിൻ്റെ വരുതിയിലായി. എന്നാൽ സെൽഫ് ഗോൾ വഴങ്ങിയതിന് പലോമിനോ തന്നെ പ്രായശ്ചിത്തം ചെയ്തു. 77ആം മിനിറ്റിൽ താരം അറ്റാലൻ്റായ്ക്കായി വലകുലുക്കി. അതോടെ മത്സരം വാശിയേറിയതായി. എന്നാൽ പിന്നീട് കൂടുതൽ ഗോൾ നേടിക്കൊണ്ട് മത്സരത്തിലേക്ക് തിരിച്ചുവരാൻ അറ്റാലൻ്റാക്ക് കഴിഞ്ഞില്ല. ഒടുവിൽ 3-2 എന്ന സ്കോറിന് ഇൻ്റർ വിജയിക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ 15 മത്സരങ്ങളിൽ 30 പോയിൻ്റുമായി ഇൻ്റർ ടേബിളിൽ 4ആം സ്ഥാനത്തേക്ക് കയറി. അത്രയും മത്സരങ്ങളിൽ നിന്നും 27 പോയിൻ്റുള്ള അറ്റാലൻ്റാ ടേബിളിൽ 6ആം സ്ഥാനത്താണ്.