ടോപ് 4 ലക്ഷ്യമിട്ട് ഇൻ്റർ ഇറങ്ങുന്നു; എതിരാളികൾ അറ്റലൻ്റാ.!
സീരി എയിൽ ലോകകപ്പ് ഇടവേളക്ക് മുമ്പുള്ള അവസാന മത്സരങ്ങൾ ഇന്ന് നടക്കാനിരിക്കുകയാണ്. അതിൻ്റെ ഭാഗമായി മുൻ ചാമ്പ്യന്മാരായ ഇൻ്റർ മിലാൻ ഇന്ന് തങ്ങളുടെ അവസാന പോരാട്ടത്തിനായി ഇറങ്ങുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് 5 മണിക്ക് നടക്കുന്ന പോരാട്ടത്തിൽ അറ്റലൻ്റയെയാണ് ഇൻ്റർ നേരിടുക. അറ്റലൻ്റയുടെ തട്ടകമായ ഗെവിസ്സ് സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. എന്തായാലും ടേബിളിലെ ടോപ് 4 സ്ഥാനം ലക്ഷ്യമിട്ട് ആയിരിക്കും ഇൻ്റർ ഇന്ന് ഇറങ്ങുക. സീസണിൽ ഒരു മോശം തുടക്കമാണ് ഇൻ്റെറിന് ലഭിച്ചിട്ടുള്ളത്. ഇതിനോടകം തന്നെ അവർ 5 മത്സരങ്ങൾ പരാജയപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇനിയുമൊരു പരാജയം കൂടി താങ്ങാനുള്ള ശേഷി അവർക്ക് ഉണ്ടാകില്ല. നിലവിൽ 14 മത്സരങ്ങളിൽ നിന്നും 27 പോയിൻ്റുമായി ടേബിളിൽ 5ആം സ്ഥാനത്താണ് ഇൻ്ററിൻ്റെ സ്ഥാനം. വിജയിച്ചുകൊണ്ട് ആദ്യ നാലിലേക്ക് പ്രവേശിക്കാൻ ആകും അവർ ശ്രമിക്കുക.
14 മത്സരങ്ങൾ പൂർത്തിയാക്കിയ അറ്റലൻ്റയ്ക്കും 27 പോയിൻ്റ് തന്നെയുണ്ടെങ്കിലും ഗോൾവ്യത്യാസത്തിൽ പിന്നിൽ ആയത് കൊണ്ട് അവർ 6ആം സ്ഥാനത്താണ്. എന്തായാലും ആരാകും വിജയത്തോടെ ഇടവേളയ്ക്ക് പിരിയുക എന്നറിയാൻ നമുക്ക് കാത്തിരിക്കാം.