വിജയക്കുതിപ്പ് തുടരാൻ യുവൻ്റസ്; രണ്ടാംസ്ഥാനം നിലനിർത്താൻ ലാസിയോ.!
സീരി എയിൽ ഇന്ന് ലോകകപ്പിന് മുമ്പുള്ള അവസാന പോരാട്ടങ്ങൾ അരങ്ങേറാൻ ഒരുങ്ങുകയാണ്. മുൻ ചാമ്പ്യന്മാരായ യുവൻ്റസും ഇന്ന് അവസാന മത്സരത്തിനായി ഇറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 1.15ന് നടക്കുന്ന മത്സരത്തിൽ ലാസിയോയാണ് യുവെയുടെ എതിരാളികൾ. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായെങ്കിലും സീരി എയിൽ കഴിഞ്ഞ 5 മത്സരങ്ങളിൽ യുവൻ്റസ് അപരാജിതരാണ്. എല്ലാ മത്സരങ്ങളും വിജയിക്കാൻ അവർക്ക് സാധിച്ചു. ഈയൊരു കുതിപ്പ് തുടരുവാൻ ആകും അലെഗ്രിയും സംഘവും ഇന്നും ശ്രമിക്കുക. അതേ സമയം ലാസിയോയും തകർപ്പൻ ഫോമിലാണ് ഉള്ളത്. ആകെ 2 മത്സരങ്ങൾ മാത്രമാണ് അവർ പരാജയം അറിഞ്ഞിട്ടുള്ളത്. അതുകൊണ്ട് തന്നെ അലിയൻസ് സ്റ്റേഡിയത്തിൽ ഇന്ന് തീപാറുമെന്ന് ഉറപ്പ്.
14 മത്സരങ്ങളിൽ നിന്നും 28 പോയിൻ്റുമായി യുവെ ടേബിളിൽ 4ആം സ്ഥാനത്താണുള്ളത്. അത്രയും മത്സരങ്ങളിൽ നിന്നുതന്നെ 30 പോയിൻ്റുമായി ലാസിയോ രണ്ടാം സ്ഥാനത്താണ്. ഇന്ന് യുവൻ്റസ് ആണ് വിജയിക്കുന്നതെങ്കിൽ ലാസിയോയെ മറികടന്ന് ടേബിളിൽ 2ആം സ്ഥാനം സ്വന്തമാക്കാൻ അവർക്ക് സാധിക്കും. എന്നാലത് 3ആം സ്ഥാനത്തുള്ള എസി മിലാൻ്റെ മത്സരത്തെ കൂടി ആശ്രയിച്ചായിരിക്കും നടക്കുക. എന്തായാലും എന്തുസംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.