3 വട്ടം പിന്നിൽ നിന്ന ശേഷം ലീഡ്സ് യുണൈറ്റഡിൽ നിന്നും വിജയം പിടിച്ചെടുത്ത് ടോട്ടനം.!
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അതിവാശിയേറിയ പോരാട്ടത്തിൽ ലീഡ്സ് യുണൈറ്റഡിനെതിരെ ടോട്ടനാം ഹോട്സ്പറിന് തകർപ്പൻ വിജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് അൻ്റോണിയോ കോൻ്റെയുടെ ശിഷ്യന്മാർ മൈതാനത്ത് വിജയതേരോട്ടം നടത്തിയത്. മത്സരത്തിൽ 3 വട്ടം സ്പർസ് പിന്നിൽ പോയതാണ്. എന്നിട്ടും പിന്നിൽ നിന്നും തിരിച്ചടിച്ച് വിജയം കൈപ്പിടിയിൽ ഒതുക്കാൻ അവർക്ക് സാധിച്ചു. മത്സരത്തിൻ്റെ 10ആം മിനിറ്റിൽ തന്നെ സമ്മർവില്ലെയിലൂടെ ലീഡ്സ് ലീഡ് നേടി. ആരോൺസണിൻ്റെ പാസിൽ നിന്നുമാണ് താരം ഗോൾ കണ്ടെത്തിയത്. എന്നാൽ അധികം വൈകാതെതന്നെ ഹാരി കെയ്നിലൂടെ സ്പർസ് അതിന് മറുപടി നൽകി. 25ആം മിനിറ്റിൽ സ്പർസ് എടുത്ത കോർണർ ലീഡ്സ് പ്രതിരോധം തട്ടിയകറ്റിയെങ്കിലും പന്ത് പിടിച്ചെടുത്ത കെയ്ൻ ലക്ഷ്യം കാണുകയായിരുന്നു. തുടർന്ന് പുരോഗമിച്ച മത്സരത്തിൽ ഇടവേളയ്ക്ക് പിരിയുന്നതിന് മുമ്പ് റോഡ്രിഗോയിലൂടെ ലീഡ്സ് വീണ്ടും ലീഡ് സ്വന്തമാക്കി. റാസ്മസ് നിസ്സെൻ ആയിരുന്നു ഈയൊരു ഗോളിന് വഴിയൊരുക്കിയത്. അതിനുപുറകെ തന്നെ ആദ്യപകുതിക്ക് വിരാമമായി.
തുടർന്ന് ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച മത്സരത്തിൽ 51ആം മിനിറ്റിൽ തന്നെ സ്പർസ് വീണ്ടും ലീഡ്സിനൊപ്പം എത്തി. ഇത്തവണ ബെഞ്ചമിൻ ഡേവിസ് ആണ് ഒരു ബുള്ളറ്റ് ഷോട്ടിലൂടെ ആതിഥേയർക്കായി വലകുലുക്കിയത്. എന്നാൽ ലീഡ്സ് പൊരുതാൻ ഉറച്ചുതന്നെയായിരുന്നു. അതിൻ്റെ ഫലമെന്നോണം 76ആം മിനിറ്റിൽ റോഡ്രിഗോ വീണ്ടും സന്ദർശകർക്കായി ലക്ഷ്യം കണ്ടു. മാർക് റോക്കയുടെ പാസ് സ്വീകരിച്ച് ബോക്സിൻ്റെ ഇടത് പാർശ്വത്തിൽ നിന്നും നിലംപറ്റെയുള്ളൊരു തകർപ്പൻ ഷോട്ടിലൂടെ റോഡ്രിഗോ ലോറിസിനെ മറികടക്കുകയായിരുന്നു. എന്നാൽ ആതിഥേയർ വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല. 81ആം മിനിറ്റിൽ ബെൻ്റങ്കർ സ്പർസിനെ വീണ്ടും മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഡോഹർട്ടിയുടെ ക്രോസ് ലീഡ്സ് പ്രതിരോധം ക്ലിയർ ചെയ്യാൻ ശ്രമിച്ചെങ്കിലും പന്ത് ചെന്നത് ബെൻ്റങ്കറിന് നേർക്കാണ്. താരത്തിൻ്റെ മികച്ച ഫിനിഷിലൂടെ മത്സരം ഇനിയും അവസാനിച്ചിട്ടില്ല എന്ന വിശ്വാസം ആരാധകർക്ക് ലഭിച്ചു.
തുടർന്ന് വെറും 2 മിനിട്ടിൻ്റെ വ്യത്യാസത്തിൽ ബെൻ്റങ്കർ തൻ്റെ ഇരട്ടഗോളും ടീമിൻ്റെ വിജയഗോളും സ്വന്തമാക്കി. കുളുസേവ്സ്കിയായിരുന്നു ഈയൊരു ഗോളിൻ്റെ സൂത്രധാരൻ. അതോടെ മത്സരം സ്പർസിൻ്റെ വരുതിയിലായി. ശേഷം 87ആം മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടുകൊണ്ട് ചുവപ്പ് കാർഡും വാങ്ങി ടെയലർ ആഡംസ് പുറത്തുപോയതോടെ ലീഡ്സ് പരാജയം സമ്മതിക്കുകയായിരുന്നു. ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും മികച്ച പ്രകടനം തന്നെയാണ് ലീഡ്സ് പുറത്തെടുത്തത്. ഈയൊരു തകർപ്പൻ വിജയത്തോടെ 15 മത്സരങ്ങളിൽ നിന്നും 29 പോയിൻ്റുമായി ന്യൂകാസിലിനെ മറികടന്ന് ടേബിളിൽ 3ആം സ്ഥാനത്തേക്ക് കയറുവാൻ കോൻ്റെയ്ക്കും സംഘത്തിനും കഴിഞ്ഞു. 14 മത്സരങ്ങളിൽ നിന്നും 15 പോയിൻ്റ് മാത്രം കൈവശമുള്ള ലീഡ്സ് 14ആം സ്ഥാനത്താണ്.






































