ഉഡിനീസിനെയും കീഴടക്കി ലീഗിലെ അപരാജിതകുതിപ്പ് തുടർന്ന് നപോളി.!
സീരി എയിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ ഉഡിനീസിനെ കീഴടക്കി ടേബിൾ ടോപ്പേഴ്സായ നപോളി. സ്വന്തം തട്ടകമായ ഡിയേഗോ അർമാണ്ടോ മറഡോണ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആതിഥേയരായ നപോളി വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ 3-0 എന്ന നിലയിൽ മുന്നിട്ട് നിന്നതിനു ശേഷമാണ് അവർ 2 ഗോളുകളും വഴങ്ങിയത്. മത്സരത്തിൻ്റെ 15ആം മിനിറ്റിൽ ഒസിംഹനാണ് ഗോളടി തുടങ്ങിയത്. എൽമാസാണ് ഈയൊരു ഗോളിന് വഴിയൊരുക്കിയത്. അതിനുശേഷം 31ആം മിനിറ്റിൽ ലൊസാനോയുടെ പാസിൽ നിന്നും സെലിൻസ്കിയും ആതിഥേയർക്കായി ലക്ഷ്യം കണ്ടു. അതോടെ ആദ്യപകുതി 2-0 എന്ന നിലയിൽ അവസാനിച്ചു. തുടർന്ന് രണ്ടാം പകുതി ആരംഭിച്ച് 58ആം മിനിറ്റിൽ തന്നെ നപോളി 3ആം ഗോളും സ്വന്തമാക്കി. എൽമാസായിരുന്നു ഇത്തവണ ഗോൾ നേടിയത്. അസിസ്റ്റ് നേടിക്കൊണ്ട് അംഗ്വിസയും ഗോളിൽ പങ്കാളിയായി. സ്കോർ 3-0.
ഇതിന് ശേഷമാണ് ശരവേഗത്തിൽ ഉഡിനീസ് 2 ഗോളുകൾ മടക്കിയത്. 3 മിനിട്ടിൻ്റെ വ്യത്യാസത്തിൽ 79,82 മിനിറ്റുകളിൽ നെസ്റ്റോറോവ്സ്കിയും, സമർദിച്ചുമാണ് സന്ദർശകർക്കായി വലകുലുക്കിയത്. അതോടെ ഒരു മിന്നും വിജയം പ്രതീക്ഷിച്ചു നിന്ന നപോളി ആരാധകർക്ക് നിരാശയായി. എന്നാൽ പിന്നീട് ഗോളുകൾ ഒന്നുംതന്നെ മത്സരത്തിൽ പിറന്നില്ല. ഒടുവിൽ 3-2 എന്ന സ്കോറിന് ആതിഥേയർ വിജയിക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ സീരി എയിലെ തങ്ങളുടെ അപരാജിത കുതിപ്പ് തുടരുവാൻ നപോളിക്ക് സാധിച്ചു. ഒപ്പം ഒന്നാം സ്ഥാനത്ത് ലീഡ് വർധിപ്പിക്കുവാനും. 15 മത്സരങ്ങളിൽ നിന്നും 41 പോയിൻ്റാണ് അവരുടെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള ലാസിയോയേക്കാൾ 11 പോയിൻ്റ് കൂടുതൽ. പരാജയം ഏറ്റുവാങ്ങിയ ഉഡിനീസ് 15 മത്സരങ്ങളിൽ നിന്നും 24 പോയിൻ്റുമായി ടേബിളിൽ 8ആം സ്ഥാനത്താണ്.






































